Spread the love

ആലപ്പുഴയിലെ രക്ഷാപ്രവർത്തനകേസിലെ അട്ടിമറിയിൽ എഡിജിപി എം ആർ അജിത് കുമാറിന് സസ്പെൻഷൻ. കേസ് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോർട്ട് തുടർനടപടിക്കായി ഡിജിപി റാവാഡ ചന്ദ്രശേഖർ ആഭ്യന്തര വകുപ്പിനു കൈമാറിയിരുന്നു. ഇതേത്തുടർന്നാണ് നടപടി. ആഭ്യന്തരമന്ത്രി നൽകിയ ശുപാർശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. ഉത്തരവ് ഉടൻതന്നെ പുറത്തിറങ്ങും.നിലവിൽ ബെവ്കോ എംഡിയാണ് എം ആർ അജിത്കുമാർ.

റിപ്പോർട്ട് തിരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടിയും ഉടൻ ഉണ്ടാവും. ഈ മാസം 31ന് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് നടപടി ഉണ്ടായിരിക്കുന്നത്. അജിത് കുമാറിനെതിരെ നടപടി വൈകുന്നതിനെതിരെ യുഡിഎഫിനുള്ളിൽ നിന്നുൾപ്പെടെ പലകോണുകളിൽ നിന്നും കടുത്ത വിമർശനമാണ് ഉയർന്നത്.

പിണറായി വിജയൻ മുഖ്യമന്ത്റിയായിരിക്കെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ അദ്ദേഹത്തിന്റെ സുരക്ഷാസംഘം തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ അജിത്കുമാർ ഇടപെട്ടെന്ന് പ്രത്യേക അന്വേഷണസംഘമാണ് കണ്ടെത്തിയത്. കേസ് അട്ടിമറിക്കാൻ നടത്തിയ നീക്കങ്ങളുടെ ഫോൺ സംഭാഷണങ്ങൾ,​ സാക്ഷിമൊഴികൾ,​ സാഹചര്യത്തെളിവുകൾ എന്നിവ കൃത്യമായി ശേഖരിച്ചാണ് എ.ഡി.ജി.പി കുറ്റക്കാരനാണെന്ന നിഗമനത്തിൽ എസ്.ഐ.ടി എത്തിയത്. ആദ്യം നൽകിയ പ്രാഥമിക റിപ്പോർട്ടിൽ അജിത്കുമാറിന്റെ പങ്ക് കൃത്യമായി ചൂണ്ടിക്കാണിച്ചിരുന്നില്ല. തുടർന്ന് ഉന്നതതല ഇടപെടലുകളിൽ വ്യക്തത വരുത്താൻ ഡി.ജി.പി നിർദ്ദേശിച്ചതോടെയാണ് എസ്.ഐ.ടി വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്.