Spread the love

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികളുടെ അശ്ലീല ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ എംബിബിഎസ് വിദ്യാര്‍ഥി അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി ഏബലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം എബേല്‍ അഗസ്റ്റിനെതിരെയാണ് 2 എഫ്ഐആർ കൂടി റജിസ്റ്റർ ചെയ്തു. ഇരുപതിലേറെ മെഡിക്കല്‍ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പൊലീസ് പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഏഴു പേരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എബേല്‍ അഗസ്റ്റിനെ ഇന്നു വീണ്ടും ഡിസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് ചൂഷണത്തിന്റെ കൂടുതല്‍ വിവരം പുറത്തായത്. എബേലിന്റെ നവമാധ്യമ അക്കൗണ്ടുകള്‍ സൈബര്‍ വിദഗ്ധർ പരിശോധനയ്ക്ക് വിധേയമാക്കും. സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം പ്രതി ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍. പെണ്‍കുട്ടികളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍നിന്ന് അനുവാദമില്ലാതെ എടുത്ത ചിത്രങ്ങളാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.