Spread the love

കോട്ടയം : പാലാ നഗരസഭാ ഭരണം യുഡിഎഫിന് ലഭിച്ചതിന് പിന്നിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ നിശബ്ദ നിലപാടുകളും.12 അംഗങ്ങൾ ഉള്ള നഗരസഭയിൽ സംഘബലത്തിൽ എൽഡിഎഫ് ആണ് മുന്നിലെങ്കിലും സ്വതന്ത്ര പിന്തുണയോടെ അധികാരത്തിലെത്താൻ കേരള കോൺഗ്രസ് എമ്മിന് താല്പര്യമുണ്ടായിരുന്നില്ല. പ്രത്യേകിച്ചും പുളിക്കണ്ടം ഫാമിലിയോട് സന്ധിചെയ്ത് ഭരണം വേണ്ട എന്ന നിലപാടിൽ ആയിരുന്നു കേരള കോൺഗ്രസ് നേതൃത്വം. അങ്ങനെ ഭരണം പിടിക്കുന്നത് ആത്മഹത്യാപരമായ രാഷ്ട്രീയം നീക്കം എന്നാണ് കേരള കോൺഗ്രസിന്റെ ഉന്നത നേതാവ് അടുത്ത വൃത്തങ്ങളോടു സൂചിപ്പിച്ചത്.

 

എങ്കിലും  ഏറ്റവും കൂടുതൽ സീറ്റുകൾ ഉള്ള മുന്നണി എന്ന നിലയിൽ എൽഡിഎഫ് ഒന്ന് പിടിച്ചു നോക്കുകയായിരുന്നു. മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ നടന്നതും ഇത്തരത്തിലുള്ള ഒരു ശ്രമം മാത്രമായിരുന്നു എന്നാണ് സൂചന. പുളിക്ക കണ്ടം കുടുംബത്തിന് ചെയർമാൻ പദം വിട്ടുകൊടുത്തു കൊണ്ടുള്ള ഒരു ഒത്തുതീർപ്പിനും കേരള കോൺഗ്രസ് തയ്യാറായിരുന്നില്ല. ഇക്കാര്യം നന്നായി അറിഞ്ഞു കൊണ്ട് തന്നെയാണ് എൽഡിഎഫ് ഒന്ന് ശ്രമിച്ചു നോക്കിയത്.

 

ഭരണരംഗത്ത് ഒട്ടും പരിചയമില്ലാത്ത ആളെ അധ്യക്ഷപദത്തിലേക്ക് കൊണ്ടുവരുന്നതിനോട് എൽഡിഎഫിന് യോജിപ്പുണ്ടായിരുന്നില്ല. പ്രത്യേകിച്ചും തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രൻ ഭരണത്തിനുശേഷം ഇടതുമുന്നണി കനത്ത പരാജയം കോർപ്പറേഷനിൽ ഏറ്റുവാങ്ങിയ സാഹചര്യത്തിൽ.പക്ഷേ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി സ്വതന്ത്രരെ ഒന്നു സമീപിച്ചു നോക്കി.ഇതോടെ യുഡിഎഫ് ക്യാമ്പ് വളരെ ഉഷാറായി.സത്യത്തിൽ ഇടതുമുന്നണി പ്രതീക്ഷിച്ചിരുന്നതും ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയ കരുനീക്കത്തിലേക്ക് യുഡിഎഫിനെ എത്രയും വേഗം എത്തിക്കുക എന്നത് തന്നെയാണ് ‘

 

37 വർഷത്തിനുശേഷം പാലാ നഗരസഭയിൽ യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ കോൺഗ്രസിൻറെ സീനിയർ മുഖങ്ങൾക്കൊന്നും തന്നെ സാരഥിത്യം ലഭിച്ചില്ല. നഗരസഭ ഭരണം പിടിച്ചെടുത്തു എങ്കിലും പുളിക്ക കണ്ടം കുടുംബത്തിലെ റിമോട്ട് കണ്ട്രോൾ ആയിരിക്കും ഇനിയുള്ള നഗരസഭ ഭരണം.ഇത് കോൺഗ്രസിലെ ഒരു ഭാഗം നേതാക്കളിൽ ഇതിനകം തന്നെ അതൃപ്തി പടർത്തിയിട്ടുണ്ട്. ഇത് ആത്യന്തികമായി തങ്ങൾക്ക് പ്രയോജനപ്പെടുമെന്നാണ് കേരള കോൺഗ്രസ് എം കരുതുന്നത്. ഇപ്പോഴത്തെ പടിയിറക്കം പാർട്ടിക്ക് വലിയ നേട്ടം ഭാവിയിൽ സമ്മാനിക്കും എന്ന് തന്നെയാണ് നേതൃത്വത്തിന് കണക്കുകൂട്ടൽ