പാലായില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയോ, നിഷയുടെ പേരും പരിഗണനയില്‍
കോട്ടയം : ജോസ് കെ മാണിയുടെ യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ വീണ്ടും എതിര്‍പക്ഷം ഉയര്‍ത്തിയതോടെ പാലായില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിക്ക് കേരള കോണ്‍ഗ്രസ് എം ?. കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഭീഷ്മാചാരൃനായ കെഎം മാണിയുടെ തട്ടകമായ പാലാ നിയമസഭാ മണ്ഡലം തിരിച്ചു പിടിക്കാന്‍ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പുറത്തെടുക്കാനുള്ള തന്ത്രങ്ങളിലാണ് പാര്‍ട്ടി. സിറ്റിംഗ് എംഎല്‍എ മാണി സി കാപ്പന്‍ , ഷോണ്‍ ജോര്‍ജ് ( ബി.ജെ പി ) കൂടാതെ ഇടതു സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയെയുമാണ് രാഷ്ട്രീയ ലോകം പ്രതീക്ഷിക്കുന്നത്. എന്നാല്‍ പാലായില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഒരു സര്‍പ്രൈസ് വേണമെന്നാണ് കേരള കോണ്‍ഗ്രസ് എം ആലോചിക്കുന്നതെന്നാണ് സൂചനകള്‍.
പ്രത്യേകിച്ചും ഷോണ്‍ ജോര്‍ജ് കൂടി കളത്തിലെത്തിയതോടെ പുതിയൊരു സമവാക്യത്തെ കുറിച്ച് കേരള കോണ്‍ഗ്രസ് ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.കോട്ടയത്തെ ഭൂരിപക്ഷ മണ്ഡലങ്ങളിലും ഇടത് പ്രതീക്ഷ വയ്ക്കുന്നുണ്ട്.
ശബരിമല സ്വര്‍ണ്ണക്കൊള്ള ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍, എസ്എന്‍ഡിപി എന്‍എസ്എസ് ഐക്യത്തില്‍ നിന്നും എന്‍എസ്എസ് പിന്മാറല്‍, ഇവ കൂടാതെ ഇടതുമുന്നണി നടത്തിയ മധ്യ മേഖല ജാഥയ്ക്കും പൊതുവേ തണുപ്പന്‍ പ്രതികരണം ആയിരുന്നു.പ്രവര്‍ത്തകരുടെ പങ്കാളിത്ത കുറവ് മാത്രമല്ല തീപ്പൊരി പ്രസംഗങ്ങളോടുള്ള പ്രതികരണവും മോശമായിരുന്നു.ഭരണ വിരുദ്ധ വികാരം ശക്തമാണെന്ന തിരിച്ചറിവിലാണ്.പാലാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കേരളാ കോണ്‍ഗ്രസ് എം അപ്രതീക്ഷിത നീക്കങ്ങളിലേക്ക് കടക്കുന്നത്.
കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് എന്ന രാഷ്ട്രീയ വിവാദത്തിന് ശേഷം അണികളിലും മരവിപ്പ് ബാധിച്ചിട്ടുണ്ട്. യുഡിഎഫിനോട് ചേര്‍ന്നുനില്‍ക്കുന്നതാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ പൊതുസ്വഭാവം. ക്രൈസ്തവ സഭകളുടെ മനസ്സിലിരുപ്പും അവര്‍ വായിച്ചെടുത്തു. എന്നാല്‍ അത്തരത്തിലുള്ള മുന്നണി മാറ്റ സാധ്യത ഇല്ലെന്ന് അറിഞ്ഞതോടെ യോഗങ്ങള്‍ക്ക് പഴയ ഉഷാര്‍ ഇല്ല.
ഇതെല്ലാം കണക്കിലെടുത്ത് നിഷ ജോസ് കെ മാണിയെ പാലായില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് പാര്‍ട്ടി ക്രൈസ്തവസഭാ- സമുദായ നേതൃത്വങ്ങളോട് ആശയ വിനിമയം നടത്തുകയാണ്.
വനിതാ സ്ഥാനാര്‍ത്ഥി എന്നതിലുപരി സാമൂഹ്യപ്രവര്‍ത്തക, ക്യാന്‍സര്‍ അതിജീവിത , അര്‍ബുദ പോരാട്ടത്തിന്റെ അംബാസിഡര്‍ എന്നീ തലങ്ങളിലും പാലായിലടക്കം വിവിധ ജനവിഭാഗങ്ങളില്‍ സ്വാധീനമുണ്ട്. നിഷ മത്സരിച്ചാല്‍ മന്ധലം പിടിച്ചെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം പാര്‍ട്ടി കേന്ദ്രങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്.
നിഷ സ്ഥാനാര്‍ത്ഥിയായാല്‍ പാലായില്‍ തളയ്ക്കപ്പെടാതെ ജോസ് കെ മാണിക്ക് കേരളത്തിലങ്ങോളം ഇടത് മുന്നണിയുടെ പ്രചാരണത്തില്‍ ഘടകക്ഷിയുടെ പ്രധാന നേതാവ് എന്ന നിലയില്‍ രംഗത്തിറങ്ങാനുമാവും. എംപി സ്ഥാനം കൈവശം വച്ച് ഓരോ തെരഞ്ഞെടുപ്പിലും മത്സര രംഗത്തുള്ളയാള്‍ എന്ന മോശം പ്രതിഛായയെ മറികടക്കാനുമാവും. നിലവില്‍ പ്രതീക്ഷിക്കുന്ന സ്ഥാനാര്‍ത്ഥികളെക്കാള്‍ ആയിരം വട്ടം സാമൂഹിക സേവന രംഗത്തെ നിഷയുടെ തിളക്കമാര്‍ന്ന പ്രിതിഛായയെ എതിരാളികള്‍ക്ക് മറികടക്കാന്‍ കടുത്ത ബുദ്ധിമുട്ട് നേരിടേണ്ടി വരും.കാന്‍സറിനെതിരായ പോരാട്ടനാളുകളെക്കുറിച്ച് എഴുതിയ കൊച്ചുകുറിപ്പുകള്‍,’ഐ ഫ്ലോ ഫ്രം ലൈറ്റ് ടു ലൈറ്റ്’-എ കാന്‍സര്‍ മെമ്മയര്‍’ എന്ന നിഷയുടെ പുസ്തകം കഴിഞ്ഞ ദിവസമാണ് പ്രകാശനം ചെയ്തത്. കാന്‍സറിനെക്കുറിച്ച് മാത്രമല്ല മറ്റുകാര്യങ്ങളും ചേര്‍ത്തെഴുതിയപ്പോള്‍ ആര്‍ക്കും ഏത് ദുരനുഭവത്തേയും നേരിടാമെന്ന തിരിച്ചറിവുകൂടി പകരുന്നതാണ് കൃതി.
നൃഡല്‍ഹിയില്‍ ശശി തരൂര്‍ എംപിയുടെ ഓഫീസില്‍ വച്ചാണ് പ്രകാശനം നടന്നത്.ജസ്റ്റിസ് കുര്യന്‍ ജോസഫിന് പുസ്തകം നല്‍കിയാണ് പ്രകാശിപ്പിച്ചത്.ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിന്റേതാണ് അവതാരിക.കൂടാതെ കെ.എം മാണിയുടെ അധ്വാനവര്‍ഗ സിദ്ധാന്തത്തെക്കുറിച്ചും ജെന്‍ഡര്‍ ബജറ്റിങ്ങിന്റെ സ്വാധീനത്തെക്കുറിച്ചുമുള്ള ഗവേഷണത്തില്‍ നിഷ ജോസ് കെ. മാണിക്ക് പിഎച്ച്ഡിയും ലഭിച്ചു.പുനൈ ശ്രീ ബാലാജി സര്‍വകലാശാലയില്‍ നിന്നാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. കോണ്‍വക്കേഷന്‍ ദൃശ്യങ്ങളും നിഷ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പഠനത്തിനിടെ ബാധിച്ച അര്‍ബുദത്തെ തോല്‍പ്പിച്ചാണ് ഈ മികച്ച നേട്ടമെന്നത് ശ്രദ്ധയമാണ്.
ട്രെയിന്‍ വിവാദം
അതേസമയം ഒരു തീവണ്ടി യാത്രയ്ക്കിടെ കേരളത്തിലെ ഒരു എംഎല്‍എയുടെ മകന്‍ മോശമായി പെരുമാറി എന്ന നിഷയുടെ
വെളിപ്പെടുത്തലും അത് ആരാണെന്ന് വെളിപ്പെടുത്തണമെന്ന ഷോണ്‍ ജോര്‍ജിന്റെ ഡിജിപി ക്കുള്ള പരാതിയും എട്ടുവര്‍ഷം മുമ്പ് കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. ഡോ.നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ ഈ വിവാദം വീണ്ടും കത്തിപ്പടരും.അത് ബിജെപിയുടെ സാധ്യതകളെ അട്ടിമറിക്കുമെന്നും കണക്കുകൂട്ടുന്നു.
യുഡിഎഫ് ഫാക്ടര്‍
യുഡിഎഫ് പ്രവേശന ചര്‍ച്ച നടത്തിയതിനെക്കുറിച്ച് മാണി സി കാപ്പന്‍ വീണ്ടും വിവാദം അഴിച്ചുവിട്ടതോടെ ജോസ് കെ മാണിയെ പാലായില്‍ സ്ഥാനാര്‍ഥിയാക്കണോ എന്നതില്‍ രണ്ട് അഭിപ്രായമുണ്ട്. ഈ വിവാദം ബിജെപി മുതലെടുക്കുമോ എന്നതാണ് പ്രധാന ആശങ്ക. ഈ സാഹചര്യത്തില്‍ രാജ്യസഭാ എംപിയായ ജോസ് അവിടെ തുടരട്ടെയെന്നും പകരം വിജയസാധ്യതയുളള ആളെ പരിഗണിക്കാമെന്നും അഭിപ്രായമുണ്ട്. ജോസ് കെ മാണിക്ക് പ്രചാരണ രംഗത്ത് സജീവമാകാനും കഴിയും.

