Spread the love

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് ഒരു പുതുമുഖ സ്ഥാനാർത്ഥി കൂടി വരുമോ?

നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ മത്സരിക്കണമെന്നാണ് ഒരു വിഭാഗത്തിൻ്റെ ശക്തമായ ആവശ്യം.

മറിയ ഉമ്മനുമായി മുതിർന്ന നേതാക്കളായ എ.കെ ആൻ്റണിയും വിഎം സുധീരനും കെസി ജോസഫും ആശയവിനിമയം നടത്തിയ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

മറിയ ഉമ്മനെ മുതിർന്ന നേതാവ് എ കെ ആൻ്റണി ഫോണിൽ വിളിച്ച് മത്സരിക്കണമെന്ന ആവശ്യം സംസാരിച്ചു.
നിലവിൽ കേരളത്തിലെ മാണി വിഭാഗത്തിൻ്റെ സിറ്റിംഗ് സീറ്റായ കാഞ്ഞിരപ്പള്ളിയിൽ മറിയ ഉമ്മനെ ഇറക്കി തിരിച്ചു പിടിക്കാമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിൻ്റെ വിലയിരുത്തൽ.

2011 മുതൽ തുടർച്ചയായി കേരള കോൺഗ്രസ് എമ്മിലെ എൻ ജയരാജാണ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത്. എന്നാൽ മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ വൻ പരാജയമായ ജയരാജിനെതിരെ ജനരോഷം ശക്തമായി. മറിയ ഉമ്മൻ്റെ രംഗപ്രവേശനം വിജയ നേട്ടമാകുമെന്നാണ് വിലയിരുത്തൽ.

കാഞ്ഞിരപ്പള്ളി മന്ധലം ഉൾപ്പെടുന്ന സ്ഥലം എംപി കൂടിയായ ആൻ്റോ ആൻ്റണി പള്ളിക്കത്തോട്ടിലുള്ള പ്രാദേശിക സംരംഭകനായ യുവ നേതാവിൻ്റെ പേര് പരിഗണിക്കണമെന്ന നിലപാട് നേതൃത്വത്തിന് മുമ്പിൽ വച്ചിട്ടുണ്ട്. മറിയ ഉമ്മൻ വന്നതോടെ ചർച്ച വഴിമാറി.

മാത്രവുമല്ല യുവ നേതാവ് ജയരാജിൻ്റെ നോമിനിയാണ് എന്ന ആക്ഷേപവും നിലവിലുണ്ട്. സ്വയം സ്ഥാനാർത്ഥി ആയി അവതരിച്ച ഇയാൾ മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ ജയരാജിനെ കുറ്റപ്പെടുത്തി ഒരു പ്രസ്താവന നടത്തുകപോലും ഇതുവരെ ചെയ്തിട്ടില്ല.

ജയരാജിൻ്റെ അടുപ്പക്കാരനെ മത്സരിപ്പിക്കരുതെന്ന പ്രതിഷേധവും കോൺഗ്രസിൽ ശക്തമാണ്.

മാണി ഗ്രൂപ്പിൻ്റെ മണ്ഡലം പ്രസിഡണ്ടിനെ തഴഞ്ഞാണ് പാമ്പാടി ബ്ലോക്കിൽ പുതുകാരനായ ഇയാളെ ജയരാജ് വിജയിപ്പിക്കാൻ കരുക്കൾ നീക്കിയതെന്ന ആരോപണവും ഉയർന്നിരുന്നു.

അതേസമയം മത്സരിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ മറിയ ഉമ്മൻ പ്രതികരിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ ആലോചിച്ച് തീരുമാനിക്കുമെന്ന് മറിയ ഉമ്മൻ മാധ്യമങ്ങളേട് പറഞ്ഞു.

മതമേലധ്യക്ഷന്മാരെ കണ്ടതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും മറിയ ഉമ്മൻ വൃക്തമാക്കി. എന്നാൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വിവിധ ജീവകാരുണ്യ പദ്ധതികളുമായി ബന്ധപ്പെട്ട സമ്മേളനങ്ങളിൽ മറിയ ഉമ്മൻ സജീവമാണ്.

കഴിഞ്ഞ ദിവസം പള്ളിക്കത്തോട്ടിലെ അശരണരുടെ അഭയ കേന്ദ്രമായ ലൂർദ്ദ് ഭവൻ്റെ വാർഷിക സമ്മേളനത്തിൽ മറിയ ഉമ്മൻ പങ്കെടുക്കുകയും ഉത്ഘാടകനായ സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലുമായി ചർച്ച നടത്തുകയും ചെയ്തു. സമ്മേളനത്തിൽ ആന്റോയെയും പഞ്ചായത്ത് മെമ്പറേയും
ക്ഷണിച്ചുവെങ്കിലും ഇരുവരും മറിയ ഉമ്മൻ്റെ സാന്നിധ്യം മുന്നിൽ കണ്ട് പങ്കെടുത്തില്ല.

എന്നാൽ
ജയരാജ് മറിയ ഉമ്മനുമായി സൗഹൃദം പങ്കിട്ടു. അതിനിടയിൽ മറിയ ഉമ്മൻ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണം ശക്തമായതോടെ അങ്കലാപ്പിലാണ് ജയരാജ് സംഘം. പ്രമുഖ സമുദായ നേതാക്കൾ വഴി മറിയയുടെ രംഗപ്രവേശനം ഒഴിവാക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് ഇവർ.