ആലപ്പുഴ:വി.ഡി സതീശനും യുഡിഎഫ് നേതാക്കൾക്കും എതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിയ വെള്ളാപ്പള്ളി നടേശനും , അയ്യപ്പ സംഗമത്തിലൂടെ ഇടതുപക്ഷത്ത് ശരി ദൂരം കണ്ടെത്തിയ സുകുമാരൻനായർക്കും കടുത്ത തിരിച്ചടിയാണ് തദ്ദേശ ഇലക്ഷൻ ഫലം. ഇലക്ഷൻ ഫലം വന്നു രണ്ടുദിവസമായിട്ടും കാര്യമായ പ്രതികരണത്തിന് ഇരു സമുദായ നേതാക്കളും തയ്യാറായിട്ടുമില്ല.
അയ്യപ്പ സംഗമത്തിലൂടെ ഹൈന്ദവ ബാങ്ക് ലക്ഷ്യമാക്കിയ സർക്കാരിനൊപ്പം ഇരുവശത്തും നിലയുറപ്പിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും. എന്നാൽ സ്വർണ്ണക്കൊള്ള വിവാദം പുറത്തുവന്നതോടെ ഇരുവരും വെട്ടിലായി. എങ്കിലും ഇടതുപക്ഷത്തോടെ അനുഭാവപൂർണ്ണമായ സമീപനമാണ് ഇരുവരും സ്വീകരിച്ചത്.ശബരിമല സ്വർണ്ണകൊള്ള തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാവില്ലന്ന് വെള്ളാപ്പളളിയെകൊണ്ട് സിപിഎം പറയിപ്പിച്ച് പ്രചരണം നടത്തിയിട്ടും ജനം തിരിഞ്ഞാണ് കുത്തിയത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെള്ളാപ്പള്ളി നടേശൻ വ്യക്തിപരമായി തന്നെ പലപ്പോഴും കടന്നാക്രമിച്ചു. മുസ്ലിംലീഗിനെതിരെയും വിദ്വേഷ പരാമർശങ്ങൾ ഉണ്ടായി. ഹിന്ദു- മുസ്ലീം ചേരിതിരിവ് ഉണ്ടാക്കി ഹൈന്ദവ വോട്ടുകൾ സിപിഎമ്മിന് അനുകൂലമാക്കാനുള്ള അജണ്ടയാണ് വെള്ളാപ്പള്ളിയിലുടെ സിപിഎം നടത്തിയത്. അത് ഏറ്റില്ലന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചത്. നൃനപക്ഷവും എതിരായി . ശബരിമല സ്വർണ്ണ കൊള്ളയിലൂടെ ഭൂരിപക്ഷവും സർക്കാരിനെതിരായി. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വമ്പൻ തിരിച്ചുവരവ് നടത്തുമെന്ന് പ്രഖ്യാപിച്ച സതീശനെ വെള്ളാപ്പള്ളി പരിഹസിച്ചു. 98 സീറ്റ് യുഡിഎഫ് നേടിയാൽ താൻ അധികാരം വെടിയാം എന്നാണ് വെള്ളാപ്പള്ളി വെല്ലുവിളിച്ചത്. സതീശനെതിരെ ജാതീയമായ പരാമർശവും ഉണ്ടായി.
എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ ആയി കാണുന്ന പഞ്ചായത്ത് ഇലക്ഷനിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തിയിട്ടും വെള്ളാപ്പള്ളിയോ സുകുമാരൻ നായരോ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.
വെള്ളാപ്പള്ളി നടേശന്റെ വാർഡിൽ യുഡിഎഫും,പെരുന്നയിൽ ബിജെപിയുമാണ് വിജയിച്ചത് എന്നത് രാഷ്ട്രീയ കൗതുകം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ സിപിഎം പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റി എസ്എൻഡിപി നിർദേശിച്ച സ്ഥാനാർത്ഥിയാണ് മത്സരിച്ചത്.എന്നിട്ടും വിജയിക്കാനായില്ല.
കേരളത്തിൽ കോൺഗ്രസ് തകർന്നുവന്ന വാദത്തിന് ശക്തിപകരുന്ന അഭിപ്രായപ്രകടനങ്ങളാണ് പലപ്പോഴും വെള്ളാപ്പള്ളി നടത്തിയിരുന്നത്. ഇടതു സർക്കാരിനെ വാനോളം പുകഴ്ത്താനും മടികാട്ടിയില്ല. അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പം ഒരേ വാഹനത്തിൽ സമ്മേളന സ്ഥലത്തെത്തിയതോടെ വെള്ളാപ്പള്ളി ഇടതു ഫാനായി മാറുകയായിരുന്നു.
അയ്യപ്പ സംഗമത്തിനുശേഷം ശബരിമല സ്വർണ്ണക്കൊള്ള വിവാദം പുറത്തുവരികയും എൻഎസ്എസുമായി അടുപ്പമുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബു അറസ്റ്റിൽ ആവുകയും ചെയ്തതോടെ അന്തരീക്ഷം മാറി. ജി സുകുമാരൻ നായർക്കെതിരെ പരസ്യമായി ഒരു വിഭാഗം രംഗത്തുവന്നു. ചങ്ങനാശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
ഇതോടെ ചരിത്രത്തിൽ ആദ്യമായി എൻഎസ്എസ് നേതൃത്വം തികഞ്ഞ പ്രതിരോധത്തിലായി.
പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആകട്ടെ സമുദായ സംഘടനകളോട് കൃത്യമായ അകലം പാലിച്ചു. സമുദായ അധ്യക്ഷൻ മാരുടെ ഗുഡ് ബുക്കിൽ ഇല്ലാത്തതിനാൽ തക്ക സമയത്ത് പ്രതികരിക്കുകയും ചെയ്തു. സമുദായത്തിന്റെ തിണ്ണ നിരങ്ങാത്ത നേതാവ് എന്ന വിശേഷണത്തോടെയാണ് അണികൾ പഞ്ചായത്ത് ഇലക്ഷന് ശേഷം സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടതും.
ഇടതുമുന്നണിക്ക് മൂന്നാം ഭരണം എന്ന ഏക ലക്ഷ്യത്തിലാണ് ഇരു സമുദായ സംഘടനകളും. അതിനിടയിൽ വന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തരംഗം സമുദായ സംഘടനകളുടെ കണക്ക് കൂട്ടൽ ആകെ തെറ്റിച്ചു.അതിൻറെ അമ്പരപ്പിലും വിസ്മയത്തിലും ആണ് ഇവർ എന്നാണ് അറിയുന്നത്.
അതേസമയം വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനകൾ ഇടതുപക്ഷത്തിന് തിരിച്ചടിയായോ എന്നതൊന്നും പരിശോധിക്കാൻ പാർട്ടിക്ക് മടിയില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത് മുഖൃമന്ത്രിക്കെതിരെയുള്ള ഒളിയമ്പായി കരുതാം.കാരണം വെള്ളാപ്പള്ളിയെ അകമഴിഞ്ഞ് പാലൂട്ടി വളർത്തുന്നതിൽ മുഖൃമന്ത്രിക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ അമർഷമാണ് എം വി ഗോവിന്ദനിലൂടെ പുറത്തുവന്നതെന്ന് വ്യക്തം

