Spread the love

കോട്ടയം: പ്രവാസി വ്യവസായി ഷാജിമോന്‍ ജോര്‍ജ് വീണ്ടും വിവാദത്തില്‍. മാഞ്ഞൂരിലെ ക്ലബിന് ലൈസന്‍സ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് 2023 ല്‍ റോഡില്‍ സമരം ചെയ്ത് ശ്രദ്ധാകേന്ദ്രമായ ഷാജി ഇപ്പോള്‍ പുതുവല്‍സാരാഘോഷത്തിനിടെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് വാര്‍ത്തയുടെ കേന്ദ്രബിന്ദു ആയത്.

ബാറില്‍ സംഘടിപ്പിച്ച പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ വിദേശ മലയാളിയെയും സുഹൃത്തിനെയും മര്‍ദിച്ചെന്ന പരാതിയില്‍ മജിസ്‌ട്രേട്ട് വിട്ടയച്ചുവെങ്കിലും മാഞ്ഞൂര്‍ ബീസ ക്ലബ് ബാര്‍ ഉടമ ഷാജിമോന്‍ ജോര്‍ജിനെ ആശുപത്രിയില്‍ ചെന്ന് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം ഷാജിമോനെ പൊലീസ് പിടികൂടിയിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മജിസ്‌ട്രേട്ട് വിട്ടയച്ചിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേട്ടിന്റെ വീടിന് മുന്‍പില്‍നിന്ന് ഇയാളെ പിടികൂടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഷാജിയും കൂട്ടരുംഎതിര്‍ത്തതിനാല്‍ സാധിച്ചില്ല . പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ഇയാള്‍ പ്രവേശിച്ചു.

നടപടിക്രമം പൂര്‍ത്തിയാക്കി ശനിയാഴ്ച്ച വൈകിട്ട് പൊലീസ് അവിടെനിന്ന് വീണ്ടും പിടികൂടി. മജിസ്‌ട്രേട്ടിനു മുന്‍പില്‍ ഹാജരാക്കിയ ഷാജിമോനെ ഏറെനേരത്തെ വാദപ്രതിവാദത്തിനു ശേഷം റിമാന്‍ഡ് ചെയ്തു. പ്രതിയും ബാര്‍ മാനേജരുമായ ടോണിയും റിമാന്‍ഡിലായി. കണ്ടാലറിയുന്ന മറ്റു രണ്ടു പേരും കേസില്‍ പ്രതികളാണ്.

ഷാജിമോനെതിരെ അതിരമ്പുഴ ശ്രീകണ്ഠമംഗലം പോത്തനാംതടത്തില്‍ റോബിന്‍ ജോര്‍ജ് (40), സുഹൃത്ത് നാട്ടാശേരി കന്നുകാലായില്‍ ജോജി ബേബി (50) എന്നിവരാണ് പരാതി നല്‍കിയത്. പുതുവത്സര ദിവസം പുലര്‍ച്ചെ 12.15ന് ആഘോഷങ്ങള്‍ക്കിടെ ബാറിലുണ്ടായ തര്‍ക്കത്തിനിടെ ഷാജി ജോര്‍ജും ടോണിയും മറ്റ് 2 പേരും ചേര്‍ന്ന് റോബിന്‍ ജോര്‍ജിനെയും സുഹൃത്ത് ജോജി ബേബിയെയും മര്‍ദിച്ചെന്നാണു പരാതി.

അതേസമയം ബീസക്ലബിന് കെട്ടിട നമ്പര്‍ ലഭിക്കുന്നതിനായി ഷാജി മോന്‍ പഞ്ചായത്തുമായി പോരാട്ടം നടത്തിയിരുന്നു. കേരളം ശ്രദ്ധിച്ച പോരാട്ടത്തില്‍ മാധ്യമങ്ങളുടെ കലവറയില്ലാത്ത പിന്തുണയാണ് പ്രവാസി സംരംഭകന്‍ എന്ന നിലയില്‍ ലഭിച്ചത്. തുടര്‍ന്ന് ബീസ ക്ലബ് മുന്നിലെ മരം ഉണങ്ങിയതുമായി ബന്ധപ്പെട്ടും പരാതി ഉയര്‍ന്നതാണ്. 25 കോടി രൂപയാണ് സ്ഥാപനത്തിനായി മുതല്‍മുടക്ക്