Spread the love

തൃശൂര്‍ റെയില്‍വെ പാര്‍ക്കിംഗ് ഇടത്തില്‍ വന്‍ അഗ്‌നിബാധ. അറുന്നൂറോളം ബൈക്കുകള്‍ കത്തിനശിച്ചു റെയില്‍വെ പാളത്തോട് ചേര്‍ന്ന ഭാഗത്താണ് തീ പടര്‍ന്നത്. അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. സമീപത്ത് ഉണ്ടായിരുന്ന മരത്തിലും തീ പടര്‍ന്നിട്ടുണ്ട്.

രാവിലെ ആറരയോടെയാണ് പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നിന്ന് പുക ഉയര്‍ന്നത്. റെയില്‍വേ ലൈനിന് മുകളില്‍ നിന്ന് ഷീറ്റിട്ട് മൂടിയ ബൈക്കുകള്‍ക്ക് മുകളിലേക്ക് തീ വീണതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. ആദ്യം രണ്ട് ബൈക്കുകള്‍ക്കാണ് തീപിടിച്ചത്. നിമിഷങ്ങള്‍ക്കകം തീ പടരുകയും ബൈക്കുകളുടെ ടാങ്ക് പൊട്ടിത്തെറിച്ച് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുകയുമായിരുന്നു.

അപകടം നടക്കുമ്പോള്‍ പാര്‍ക്കിംഗില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മല്ലിക എന്ന ജീവനക്കാരി സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ: ‘റെയില്‍വേ ലൈനിന്റെ മുകളില്‍ നിന്ന് ബൈക്കിന് മുകളിലേക്ക് തീ വീഴുകയായിരുന്നു. ഞാന്‍ വെള്ളമൊഴിച്ച് അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പുക ഉയര്‍ന്ന് തീ ആളിപ്പടര്‍ന്നു. സഹായത്തിനായി ആളുകളെ വിളിച്ചപ്പോഴേക്കും ബൈക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു. ഞായറാഴ്ച ആയതുകൊണ്ടാണ് പാര്‍ക്കിങ്ങില്‍ തിരക്ക് കുറഞ്ഞത്, അല്ലെങ്കില്‍ ആയിരത്തോളം വണ്ടികള്‍ ഉണ്ടാകുമായിരുന്നു.’ ഇതെ തുടര്‍ന്ന് ഡിജിപി അടക്കമുളള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തൃശൂരിലേക്ക് തിരിച്ചിട്ടുണ്ട്. തീപടരാതെ സൂക്ഷിക്കുന്നതില്‍ വീഴ്ച്ചവന്നതായും സൂചനയുണ്ട്