നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയാവണമെന്നത് സംബന്ധിച്ച് കരടുരൂപമായതായി സൂചന.
പാര്‍ട്ടിയിലെ ജില്ലാ ഘടകങ്ങളില്‍ അടക്കം സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
പരിചയ സമ്പന്നത, പുതുമുഖം, താരപരിവേഷം, ജനസ്വാധീനം എന്നിവയെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മാനദണ്ഡമാകുന്നു.
ജ്യോതി വിജയകുമാര്‍, രാജു പി നായര്‍, ഹെന്റി ഓസ്റ്റിന്‍ ജൂനിയര്‍, മാത്യു ആന്റണി തുടങ്ങിയവര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. യുവനേതാക്കളായ അരിത ബാബു, വീണ നായര്‍, റിജില്‍ മാക്കുറ്റി, സന്ദീപ് വാര്യര്‍, ജെ എസ് അഖില്‍ തുടങ്ങിയവരും സ്ഥാനാര്‍ത്ഥിത്വത്തിനായി പരിഗണനയിലുണ്ട്.
ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. 2021 ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനോട് പരാജയപ്പെട്ടെങ്കിലും മുതിര്‍ന്ന വനിതാ നേതാവ് എന്ന നിലയില്‍ ഷാനിക്ക് തന്നെയാകും പ്രഥമ പരിഗണന.
കായംകുളത്ത് യുവനേതാവ് അരിത ബാബു, നേമത്ത് വീണ നായര്‍ എന്നിവര്‍ ഏതാണ്ട് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച സ്ഥിതിയാണ്.
ചങ്ങനാശ്ശേരി കേരള കോണ്‍ഗ്രസില്‍ നിന്നും കോണ്‍ഗ്രസ് തിരിച്ചുപിടിച്ചാല്‍, മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മത്സരിപ്പിച്ചേക്കും. പകരം കോട്ടയത്ത് മുന്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ പരിഗണിക്കുന്നു. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിശ്വസ്ത വിവര്‍ത്തകയും മുന്‍ പത്രപ്രവര്‍ത്തകയുമായ ജ്യോതി വിജയകുമാറിനെ ചെങ്ങന്നൂരിലേക്ക് പരിഗണിക്കുന്നു. ബിന്ദു കൃഷ്ണയ്ക്കും സ്ഥാനാര്‍ത്ഥിത്വം ഉറപ്പാണ്. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഷമ മുഹമ്മദിനെയും പരിഗണിച്ചേക്കും.
യുവ സ്ഥാനാര്‍ത്ഥികളില്‍ ഈഴവ ഭൂരിപക്ഷമുള്ള ഒരു സീറ്റിലേക്ക് എം ലിജുവിനെ പരിഗണിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ റിജില്‍ മാക്കുറ്റി (കണ്ണൂര്‍ സീറ്റ്), ജെ എസ് അഖില്‍ (കഴക്കൂട്ടം സീറ്റ്) എന്നിവരും ശക്തമായ പരിഗണനയിലുണ്ട്.
കാഞ്ഞിരപ്പള്ളിയില്‍ അക്കാമ്മ ചെറിയാന്റെയും കെ ടി തോമസിന്റെയും (മുന്‍ എംഎല്‍എ) ചെറുമകന്റെ പേര് പരിഗണിക്കുന്നു. മൂവാറ്റുപുഴയോ, പൂഞ്ഞാറോ വേണമെന്നാണ് ജോസഫ് വാഴയ്ക്കന്‍ ആവശ്യപ്പെടുന്നത്. വാഴയ്ക്കന് മൂവാറ്റുപുഴ സീറ്റ് നല്‍കിയാല്‍, സിറ്റിംഗ് എംഎല്‍എ മാത്യു കുഴല്‍നാടനെ പെരുമ്പാവൂരിലേക്ക് മാറ്റിയേക്കും. അങ്ങനെയെങ്കില്‍ പെരുമ്പാവൂരിലെ നിലവിലെ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് മറ്റൊരു സീറ്റ് കണ്ടെത്തേണ്ടി വരും.
പാലക്കാട് നിയമസഭ മണ്ഡലത്തില്‍ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ലൈംഗികാരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും സീറ്റ് നല്‍കേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ പൊതുവായ ധാരണ. സന്ദീപ് വാര്യരുടെ സംഘടനാ വൈദഗ്ധ്യം പാലക്കാട് മണ്ഡലം നിലനിര്‍ത്താന്‍ ഗുണകരമാകുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
സ്ഥിരമായി ചിലര്‍ക്ക് സീറ്റു നല്‍കുന്നുവെന്ന വികാരം മറികടക്കുക, യുവജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുക എന്നീ ലക്ഷ്യത്തോടെ 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലും കഴിഞ്ഞ തവണത്തേതുപോലെ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തന്ത്രം കോണ്‍ഗ്രസ് തുടര്‍ന്നേക്കും.
അതേസമയം, എംപിമാര്‍ മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത് കോണ്‍ഗ്രസിനുള്ളില്‍ കല്ലുകടിയാവും. ഹൈബി ഈഡന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ എംപിമാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ പരിഗണിച്ചേക്കില്ല.

