Spread the love

കോട്ടയം : വേതന നിഷേധത്തിനെതിരെ പത്ര പ്രവർത്തക യൂണിയൻ  മംഗളം മാനേജ്മെൻറ് എതിരെ പ്രക്ഷോഭത്തിന് നീങ്ങുമ്പോൾ പുറത്തുവരുന്നത് മാധ്യമ മേഖലയിലെ തൊഴിൽ അനിശ്ചിതത്വം

സംസ്ഥാനത്തെ ഒട്ടുമിക്ക ദിനപത്രങ്ങളും ദൃശ്യമാധ്യമങ്ങളും കരാർ വ്യവസ്ഥയിലേക്ക് മാറിക്കഴിഞ്ഞു. സ്ഥിര നിയമനം ഉറപ്പായിരുന്ന കേരളത്തിലെ ഒന്നും രണ്ടും ദിനപത്രങ്ങൾ പോലും ഇപ്പോൾ അത് പ്രോത്സാഹിപ്പിക്കുന്നില്ല

ദീർഘകാല കരാറുകളാണ് എല്ലാ പത്രങ്ങളും ഇഷ്ടപ്പെടുന്നത്. കേരളത്തിലെ ഒന്നാം നമ്പർ ചാനൽ വിരമിക്കൽ പ്രായം 55 വയസ്സാക്കി ചുരുക്കുകയും ചെയ്തു. അതിനു പിന്നാലെ മറ്റു ചാനലുകളും അതേ പാതയിലാണ്

വിരമിച്ച ശേഷം കരാർ അടിസ്ഥാനത്തിൽ തുടരുന്നതിനും ആശ്രിത നിയമനവും  കൃത്യമായി പാലിച്ചു വന്ന മലയാളത്തിൽ പ്രചാരത്തിൽ മുൻപന്തിയിൽ ഉള്ള പത്രവും ആ വ്യവസ്ഥ ഏതാണ്ട് പിൻവലിച്ച മട്ടാണ്

റിട്ടയർമെൻറ് കാലാവധിക്ക് ശേഷം ജോലി എടുക്കുന്നതിനുകഴിയുന്നത്രകാലം സേവനം ഇവിടെ നീട്ടി നൽകിയിരുന്നു. അവസാനം വാങ്ങുന്ന ശമ്പളമാണ് മാസവേതനമായി നൽകിയിരുന്നത്. എന്നാൽ പത്രങ്ങളുടെ സർക്കുലേഷനും പരസ്യ വരുമാനത്തിലുമുള്ള കുറവ് ആളെണ്ണം കുറയ്ക്കാൻ നിർബന്ധിതമായിരിക്കുന്ന സാഹചര്യമാണ് നിലവിൽ.

ഇതോടെ  പത്ര മാനേജ്മെൻറ് പ്രമുഖരുടെ സേവനം അവസാനിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. പത്രത്തിന്റെ മുഖം ആയിരുന്ന രണ്ടുപേർ കഴിഞ്ഞ വർഷങ്ങളിൽ സേവനം അവസാനിപ്പിച്ചു. മറ്റൊരു പ്രമുഖൻ വരുന്ന മാർച്ചിൽ പടിയിറങ്ങും. ലോകമാകെ മാധ്യമ രംഗത്ത് കൂട്ടപിരിച്ചുവിടലിന്റെ കാലമാണിത്.

മുൻനിര ദിനപത്രങ്ങൾ നടത്തുന്ന ജേണലിസം പരിശീലന കേന്ദ്രങ്ങളിലും വിദ്യാർത്ഥികൾ തീരെ കുറവാണ്.  മാധ്യമപ്രവർത്തനത്തോട് പുതു തലമുറയ്ക്ക് താൽപര്യം കുറയുന്നു എന്നുള്ളതിന്റെ സൂചനകൾ ആണിത്. വിദേശ കുടിയേറ്റവും ഐടി സെക്ടറിന്റെ കുതിച്ചുചാട്ടവും മാധ്യമ ജോലി അനാകർഷകമാക്കുകയാണ്. ചില പ്രസ് ക്ലബുകളിൽ മാധ്യമ പരിശീലനത്തിന് നേതൃത്വം നൽകുന്ന വയോധികർ  85 പിന്നിട്ടിട്ടും പിരിഞ്ഞു പോകാൻ കൂട്ടാക്കാതെ സമ്മർദ്ദവും ഭീഷണിയും കൊണ്ട്  തുടർന്നു പോകുന്നത് കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്