Spread the love

കൊച്ചി: താൻ ജനങ്ങളിൽ നിന്ന് അനു​ഗ്രഹം തേടാനാണ് എത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയിൽ ധീവരസഭ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

തീരദേശ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ എപ്പോഴും കൂടെയുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി. പ്രളയകാലത്ത് കേരളം കാണിച്ച ഒത്തൊരുമ രാജ്യം കണ്ടതാണെന്നും അത് ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തെ കേരളം ആക്കിയതും മത്സ്യത്തൊഴിലാളികൾക്കായി പദ്ധതികൾ നടപ്പിലാക്കിയതും എൻഡിഎ സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. ധീവരസഭയുടെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

എൻഡിഎയുടെ നിയമസഭ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമിടുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തിയത്. രാവിലെ 11.30നുശേഷം നെടുമ്പാശ്ശേരിയിൽ എത്തിയ പ്രധാനമന്ത്രി നേവൽ ബേസിലേക്ക് ഹെലികോപ്ടറിൽ യാത്ര തിരിച്ചു. തുടര്‍ന്ന് റോഡ് മാർഗമാണ് മറൈൻഡ്രൈവിൽ ധീവരസഭയുടെ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടിക്ക് എത്തിയത്. ഇതിനുശേഷം കലൂർ സ്റ്റേഡിയത്തിൽ റോഡ് ഷോ നടക്കും. റോഡ് ഷോക്കുശേഷം കേന്ദ്രസർക്കാരിന്‍റെ ഔദ്യോഗിക പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.

അതേസമയം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് സമീപം നടക്കുന്ന ചടങ്ങിൽ 5500 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഇന്ന് അദ്ദേഹം നിർവഹിക്കും. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് കൊച്ചി റിഫൈനറിയിലെ പോളിപ്രോപിലീൻ യൂണിറ്റ്, കൊല്ലം വെസ്റ്റ് കല്ലടയിലെ 50 മെഗാവാട്ട് ഫ്ലോട്ടിങ് സോളാർ പദ്ധതി എന്നിവ ഇതിൽപ്പെട്ടവയാണ്. ദേശീയപാത 66-ലെ തലപ്പാടി-ചെങ്ങള ആറുവരിപ്പാത, 2140 കോടി രൂപ ചെലവിൽ നവീകരിച്ച കോഴിക്കോട്, കാസർകോട് ബൈപ്പാസ്, പ്രധാനമന്ത്രി ഗ്രാമസഡക് യോജന പ്രകാരമുള്ള 23 റോഡുകൾ എന്നിവയും അദ്ദേഹം നാടിന് സമർപ്പിക്കും.