കൊച്ചി: ദേശീയപാത ഉദ്ഘാടന ചടങ്ങിൽ മന്ത്രി റിയാസിനെ ക്ഷണിച്ചില്ല. ഇതേ തുടർന്ന് മുഖ്യമന്ത്രി അടക്കം പരിപാടി ബഹിഷ്കരിച്ചു. രാഷ്ട്രീയ പകപോക്കൽ എന്ന് എം വി ഗോവിന്ദൻ, മുഖ്യമന്ത്രിയെ ക്ഷണിച്ചാൽ പോരെ മരുമകനേയും വിളിക്കണമോ എന്ന് ബിജെപി
സംസ്ഥാനത്തെ ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയതിൽ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയത് വിചിത്രമാണെന്നും ഇത് രാഷ്ട്രീയ പകപോക്കലാണെന്നും ഗോവിന്ദൻ ആരോപിച്ചു.
‘ബിജെപി അദ്ധ്യക്ഷനെ ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്തിയത് എന്ത് പ്രൊട്ടോക്കോൾ പ്രകാരമാണ്? എന്തും ചെയ്യാൻ അവകാശമുണ്ട് എന്ന മട്ടിലാണ് പെരുമാറ്റം. ഉദ്ഘാടന ചടങ്ങിന്റെ രാഷ്ട്രീയ ഉളളടക്കത്തിൽ പക്ഷപാതമുണ്ട്. മരുമകനായത് കൊണ്ടാണോ പൊതുമരാമത്ത് മന്ത്രിയായത്, ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കരാറിൽ ഒപ്പിട്ടത്? കാലങ്ങളായി മുടങ്ങി കിടന്ന പദ്ധതിയാണ് സർക്കാരിന്റെ ഇച്ഛാശക്തികൊണ്ട് നടപ്പാക്കാനായത്. ദേശീയപാത 66 കേരളത്തിന്റെ അവകാശമായാണ് ഇടതുസർക്കാർ കണ്ടത്.
മുഖ്യമന്ത്രി പല തവണ കേന്ദ്രവുമായി ചർച്ച നടത്തി. പൊതുമരാമത്ത് വകുപ്പുമായാണ് സ്ഥലമേറ്റെടുപ്പ് കരാർ. ധനപരമായ പങ്കാളിത്തം കേരളത്തിനുണ്ട്. മറ്റ് സംസ്ഥാനങ്ങളെ പോലെയല്ല ഇക്കാര്യത്തിൽ കേരളം. കേരളമല്ലാതെ മറ്റൊരു സംസ്ഥാനവും ഭൂമി ഏറ്റെടുക്കലിന് പണം മുടക്കിയിട്ടില്ല. ഇപ്പോൾ ദേശീയപാത ഉദ്ഘാടന ചടങ്ങ് നടക്കുകയാണ്. കേരളത്തിന്റെ നേട്ടത്തിന്റെ വിളംബരമാണ് നടക്കുന്നത്. ആഹ്ലാദത്തോടെ ജനം കക്ഷിരാഷ്ട്രീയത്തിന് അതീതമായി കാണേണ്ട പരിപാടിയായിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ പരിപാടിയിൽ രാഷ്ട്രീയ പക്ഷപാതപരമായി പെരുമാറി’- എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, മന്ത്രി റിയാസിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും ചടങ്ങ് ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രി, മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്‌ണൻകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തില്ല. പരിപാടിയുടെ അറിയിപ്പ് ലഭിച്ചത് അവസാന നിമിഷമാണെന്നും മണ്ഡലത്തിലെ മറ്റ് പരിപാടികൾ ഉള്ളതിനാലാണ് ചടങ്ങിൽ പങ്കെടുക്കാത്തതെന്നുമാണ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നു ബിജെപി
പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത വികസനപദ്ധതിയുടെ ഉദ്‌ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതികരിച്ച് ബിജെപി നേതാവ് എസ് സുരേഷ്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെന്ന് പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു.
‘മുഹമ്മദ് റിയാസിനെ ക്ഷണിച്ചാൽ മാത്രമേ മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കുവെന്ന് പറയാൻ ഇതൊരു കുടുംബകാര്യമല്ല. ഇത് കേരളത്തിന്റെ പൊതുകാര്യമാണ്. അതിന് നേതൃത്വം നൽകുക കേരളത്തിലെ മുഖ്യമന്ത്രിയാണ്, അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. റിയാസിനെ കൂടി ക്ഷണിക്കണമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നെങ്കിൽ അങ്ങനെ ചെയ്യാമായിരുന്നു.

