Spread the love

മലപ്പുറം: പ്രണയബന്ധം എതിര്‍ത്തതിന്റെ പേരില്‍ കാമുകിയുടെ പിതാവിനെ കട്ടന്‍ചായയില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം വണ്ടൂര്‍ കളപ്പാട്ടുകുന്ന് തോങ്ങോട് വീട്ടില്‍ അജയ് (24) ആണ് അറസ്റ്റിലായത്. ടാപ്പിംഗ് തൊഴിലാളിയായ കാരാട് വടക്കുംപാടം സ്വദേശിയെയാണ് അജയ് കൊല്ലാന്‍ ശ്രമിച്ചത്. ഇയാളുടെ മകളുമായി അജയ് പ്രണയത്തിലായിരുന്നു. ഇത് എതിര്‍ത്തതിനെ തുടര്‍ന്ന് മൂന്ന് മാസം മുമ്പ് അജയ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

കാമുകിയുടെ പിതാവ് പുലര്‍ച്ചെ ടാപ്പിംഗ് ജോലിക്ക് പോകുമ്പോള്‍ ഫ്‌ളാസ്‌കില്‍ കട്ടന്‍ചായ കൊണ്ടുപോകാറുണ്ട്. ഫ്‌ളാസ്‌ക് ബൈക്കില്‍ വച്ചശേഷം ഇടയ്ക്കുപോയി ചായ കുടിക്കുകയാണ് പതിവ്. ഈ മാസം 10നും 14 നും കൊണ്ടുപ്പോയ ചായയ്ക്ക് രുചി വ്യത്യാസം തോന്നിയതോടെ ഗ്ലാസില്‍ ഒഴിച്ച് പരിശോധിച്ചു. നിറവ്യത്യാസം കണ്ടതോടെ പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ അന്വേഷണത്തില്‍ അജയ്യും കാമുകിയുടെ പിതാവും തമ്മില്‍ നേരത്തേയുള്ള പ്രശ്‌നങ്ങള്‍ വ്യക്തമായി. തുടര്‍ന്ന് അജയ്യെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.