Spread the love

മലപ്പുറം: കരുവാരക്കുണ്ട് തൊടിയപുലത്ത് ഒന്‍പതാം ക്ലാസുകാരിയെ 16കാരന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.

കരുവാരകുണ്ടിലെ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ, ഇതേ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായ 16 വയസ്സുകാരനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം 14കാരിയുടെ കൊലപാതകം പ്രണയപ്പകയാണെന്ന നിഗമനത്തിലാണ് പൊലീസ്. കൊല്ലപ്പെട്ട 14കാരിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.

വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിലുള്ള റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിലാണ് കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സ്കൂളിലേക്ക് പോയ പെൺകുട്ടി വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പരാതി നല്‍കിയിരുന്നു.

റെയിൽവേ പുറമ്പോക്കിലെ കുറ്റിക്കാട്ടിൽ പെൺകുട്ടിയുടെ തന്നെ വസ്ത്രം ഉപയോഗിച്ചു കൈകൾ മുന്നിലേക്കു കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പീഡിപ്പിച്ചു കൊലപ്പെടുത്തിയതായി പിടിയിലായ വിദ്യാർഥി പൊലീസിനു മൊഴി നൽകിയതായാണു വിവരം.ആദ്യം ചോദ്യം ചെയ്തപ്പോള്‍ ബൈക്കില്‍ വരുമ്പോള്‍ ട്രെയിന്‍ കണ്ടു പേടിച്ചോടിയെന്നും രണ്ടുപേരും രണ്ടു വശത്തായെന്നും പിന്നീട് കണ്ടില്ലെന്നുമായിരുന്നു പ്രതി പറഞ്ഞത്. എന്നാല്‍ പോലീസ് കൃത്യമായ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടെ 16കാരന്‍ കുറ്റം സമ്മതിക്കുകയായിരുന്നു.