Spread the love

തലശ്ശേരി: കരിവെള്ളൂരിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ദിവ്യശ്രീയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ചു കോടതി. രണ്ടുലക്ഷം പിഴയും ചുമത്തിയിട്ടുണ്ട്. പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി.നിസാര്‍ അഹമ്മദാണ് വിധിച്ചത്.
അതേസമയം മൂന്ന് ജീവപര്യന്തം കിട്ടുന്ന അപൂർവകേസുകളിലൊന്നാണ് ഇതെന്ന് കോടതി പറഞ്ഞു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി അറിയിച്ചിട്ടുണ്ട്.

ദിവ്യശ്രീയെ കൊലപ്പെടുത്തുകയും തടയാനെത്തിയ അച്ഛനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. കൊലപാതകം, കൊലപാതക ശ്രമം, കൊലപാതകത്തിനായി വീട്ടില്‍ അതിക്രമിച്ച് കയറല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

2024-ല്‍ സിവില്‍ പൊലീസ് ഓഫീസറായ ദിവ്യശ്രീയെ പിതാവിന്റെ വീട്ടില്‍ വെച്ച് രാജേഷ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ യുവതി വിവാഹമോചനത്തിന് ഒരുങ്ങുന്നതിനിടെയാണ് ക്രൂരകൊലപാതകം.

വിവാഹമോചനത്തിന്റെ ഭാ​ഗമായുള്ള കൗൺസിലിംഗിനിടെ രാജേഷിന്റെ ലഹരി ഉപയോ​ഗത്തെ കുറിച്ച് ദിവ്യശ്രീ തുറന്നുപറഞ്ഞിരുന്നു. ദിവ്യശ്രീ ആണ് രാജേഷിന് വേണ്ട പണം നൽകിയിരുന്നത്. വിവാഹമോചനം നേടിയാൽ പണം കിട്ടുന്നത് നിലയ്ക്കുമെന്ന് മനസിലായതോടെയാണ് ദിവ്യശ്രീയെ കൊലപ്പെടുത്താൻ രാജേഷ് തീരുമാനിച്ചത്.