കനത്ത നാശം വിതച്ച് മോന്ത ചുഴലിക്കാറ്റ്. അര്‍ദ്ധരാത്രിയോടെയാണ് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ് തീരം തൊട്ടത്. സംസ്ഥാനത്ത് നാല് പേര് മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 1.7 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് കൃഷിനാശമുണ്ടായി. ആന്ധ്രയിലെ പന്ത്രണ്ട് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.
മണിക്കൂറില്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗതയിലാണ് മോന്ത ചുഴലിക്കാറ്റ് വീശിയടിച്ചത്. ആന്ധ്രയിലെ മച്ചിലിപട്ടണത്തിനും കാക്കിനാട ഗ്രാമത്തിനും ഇടയില്‍ അര്‍ദ്ധരാത്രി 12.30 ഓടെയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. കര തൊട്ടതിന് പിന്നാലെ കാറ്റിന്റെ ശക്തി ക്ഷയിച്ചിരുന്നു. എന്നിരുന്നാലും ആന്ധ്രപ്രദേശിലും ഒഡീഷയിലും കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ നേരത്തെ ഒഴിപ്പിച്ചിരുന്നു.
പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ട്രെയിന്‍, വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. 20 ട്രെയിനുകളും വിജയവാഡയില്‍ നിന്ന് യാത്രതിരിക്കേണ്ട 16 വിമാനങ്ങളും റദ്ദാക്കി. കേരളം, തമിഴ്നാട്, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.

