ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ മന്ത്രി എംഎം മണി. തനിക്ക് തെറ്റുപറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാർട്ടി പറഞ്ഞത് അംഗീകരിക്കുന്നുവെന്നും എംഎം മണി വ്യക്തമാക്കി. ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞുപോയതാണ്. അത്തരം പരാമർശം വേണ്ടിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും എംഎം മണി വിമർശനം ഉന്നയിച്ചു. നിലവാരം കുറഞ്ഞ പ്രതിപക്ഷനേതാവാണ് വിഡി സതീശനെന്ന് എംഎം മണി പറഞ്ഞു.
‘സർക്കാരിന്റെ കൈയിൽ നിന്ന് പണം വാങ്ങി ശാപ്പാട് കഴിച്ചു. എന്നിട്ട് ഏതോ വികാരത്തിന് വോട്ട് ചെയ്തു. നന്ദികേട് കാണിച്ചു. റോഡ്,പാലം, വികസനപ്രവർത്തനങ്ങൾ, ജനക്ഷേമപ്രവർത്തനങ്ങൾ എന്നിങ്ങനെ കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ നടക്കാത്ത വികസനങ്ങളാണ് നടന്നത്. ഇതെല്ലാം വാങ്ങി നന്നായി ശാപ്പാട് കഴിച്ചിട്ട് ഞങ്ങൾക്കിട്ട് വച്ചു. നേരെ എതിരെ വോട്ട് ചെയ്തു. ഒരു മര്യാദ കാണിച്ചുകൂടേ. ജനങ്ങൾ പിറപ്പക്കേട് കാണിച്ചു’- എന്നാണ് മണി പറഞ്ഞത്.

