Spread the love

കോട്ടയം : സിറ്റിംഗ് പഞ്ചായത്തുകൾ ആയ പള്ളിക്കത്തോടും മുത്തോലിയും നഷ്ടപ്പെട്ടത് ബിജെപിക്ക് കോട്ടയം ജില്ലയിൽ അപ്രതീക്ഷിതപ്രഹരമായി.പകരം മൂന്നു പഞ്ചായത്തുകൾ പിടിച്ചു എന്ന് അവകാശപ്പെടുമെങ്കിലും കയ്യിലിരുന്ന പഞ്ചായത്തുകൾ നഷ്ടപ്പെട്ടത് പാർട്ടി ജില്ലാ നേതൃത്വത്തിന് പണിയായി. പ്രാദേശിക തലത്തിലുള്ള തർക്കങ്ങളും സ്ഥാനാർത്ഥി നിർണയത്തിലുള്ള പാളിച്ചയുമാണ് രണ്ടിടത്തും ബിജെപി യെ നഷ്ടത്തിലേക്ക് നയിച്ചത്.

 

പള്ളിക്കത്തോട് പഞ്ചായത്തിൽ പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും പരാജയപ്പെട്ടപ്പോൾ ഇടതുമുന്നണി നേട്ടമുണ്ടാക്കി. മുത്തോലി ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടപ്പെടുന്നതിന് പ്രധാന കാരണമായത് സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചയാണ്.കൂടാതെ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന രൺഞ്ജിത്തിന് വീണ്ടും മത്സരിക്കാനും കഴിഞ്ഞില്ല.

 

പഞ്ചായത്തിന് പരിചിതമായ നേതൃ മുഖത്തെ മാറ്റിയുള്ള പരീക്ഷണമാണ് ഇവിടെ പാളിയത്. രഞ്ജിത്തിനെ  ബ്ലോക്ക് പഞ്ചായത്തിലേക്ക് മാറ്റി അത് പിടിക്കാൻ നടത്തിയ ശ്രമവും പരാജയപ്പെട്ടു. ഫലത്തിൽ ‘ബിജെപി വെട്ടിലായി.

 

രണ്ടു പഞ്ചായത്തിൽ ഭരണം നിലനിർത്തിയിരുന്നെങ്കിൽ ബിജെപി നേട്ടത്തിന് തിളക്കം ലഭിക്കുമായിരുന്നു.പക്ഷേ അതിനു കഴിഞ്ഞില്ല.

പിസി ജോർജ് ഫാക്ടറിൽ പൂഞ്ഞാർ തെക്കേക്കരയിൽ ഭരണം പിടിച്ചത് പാർട്ടിക്ക് നേട്ടമായി. മുത്തോലി പോയെങ്കിലും സമീപത്തുള്ള കിടങ്ങൂർ കൈപ്പിടിയിലായി. അയ്മനം പഞ്ചായത്തിൽ ബിജെപി മുന്നണിയാണ് ഒറ്റക്കക്ഷി. സിപിഐ സിപിഎം തർക്കമാണ് ഇവിടെ ബിജെപിക്ക് അധികാരത്തിന് വഴിയൊരുക്കിയത്. പക്ഷേ വ്യക്തമായ മേൽക്കൈ ഇല്ലാത്തതിനാൽ ഭരണത്തിൽ ഏറിയാലും പ്രതിസന്ധികൾ ഏറെ.