മന്ത്രി ശിവന്‍കുട്ടിക്ക് എതിരെ ക്രൈസ്തവ മാനേജ്‌മെന്റുകള്‍. ഭിന്നശേഷി നിയമനത്തില്‍ ക്രൈസ്തവ മാനേജ്‌മെന്റുകള്‍ തടസം നില്‍ക്കുന്നുവെന്ന മന്ത്രി ശിവന്‍കുട്ടിയുടെ പ്രസ്താവനയില്‍ കടുത്തവിമര്‍ശനവുമായി ചങ്ങനാശേരി കോതമംഗലം രൂപതകളും സിഎസ്‌ഐ സഭയും അല്‍മായ സംഘടനകളും രംഗത്തുവന്നു.
ചങ്ങനാശേരി രൂപത
ഭിന്നശേഷിക്കാര്‍ക്കു നിയമനം നല്‍കുന്നതില്‍ ക്രൈസ്തവ മാനേജ്‌മെന്റുകള്‍ തടസ്സം നില്‍ക്കുന്നുവെന്ന തരത്തിലുള്ള മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രസ്താവന വസ്തുതാവിരുദ്ധവും വേദനാജനകവുമാണെന്നു സിറോ മലബാര്‍ സഭ മീഡിയ കമ്മിഷന്‍ ചെയര്‍മാനും പബ്ലിക് അഫയേഴ്‌സ് കമ്മിഷന്‍ കണ്‍വീനറും വിദ്യാഭ്യാസ കമ്മിഷന്‍ മെംബറുമായ ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍. ഭിന്നശേഷി സംവരണപ്രകാരം നിയമനം നടത്തുന്നതിനെ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ എതിര്‍ത്തിട്ടില്ലെന്നും എന്നാല്‍ യഥാക്രമം ഭിന്നശേഷി നിയമനം നടത്താന്‍ സര്‍ക്കാരിനു സാധിക്കുന്നില്ലെന്നും മാര്‍ തറയില്‍ പറഞ്ഞുയ
എന്‍എസ്എസിനു ലഭിച്ച അനുകൂല വിധി വലിയ പ്രതീക്ഷയായിരുന്നു. സമാനസ്വഭാവമുള്ള കേസിനും വിധി ബാധകമാണെന്നു കോടതി പറഞ്ഞിരുന്നു. എന്നാല്‍ 4 മാസം കഴിഞ്ഞപ്പോള്‍ വിധിയിലെ പഴുതു കണ്ടെത്തി സര്‍ക്കാര്‍ ഞങ്ങളുടെ കാര്യത്തില്‍നിന്നു പിന്‍മാറി.കോടതിയില്‍ പോയതിന്റെ പേരില്‍ സര്‍ക്കാര്‍ സന്തോഷകരമല്ലാത്ത നടപടി സ്വീകരിക്കുമെന്നു കരുതി. മുന്‍പ് ഇത്തരത്തില്‍ അനുഭവം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു സംഭാഷണത്തിന്റെ മാര്‍ഗമാണു സ്വീകരിച്ചത്.നിങ്ങളും സുപ്രീം കോടതിയില്‍ പോകണമെന്നാണു മന്ത്രി പറയുന്നത്. പൗരാവകാശങ്ങള്‍ നേടിയെടുക്കാനായി ഓരോ വ്യക്തിയും കോടതിയെ സമീപിക്കണമെന്നാണു നിലപാടെങ്കില്‍ ഇവിടത്തെ ജനാധിപത്യ സര്‍ക്കാരിന്റെ ചുമതലയെന്താണ്.
കോതമംഗലം രൂപത
അധ്യാപക നിയമനത്തില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനു ക്രിസ്ത്യന്‍ മാനേജ്‌മെന്റ് എതിരാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ അഭിപ്രായം വസ്തുതകള്‍ പഠിക്കാതെയും കാര്യങ്ങള്‍ മനസ്സിലാക്കാതെയുമാണെന്നു കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍.
സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ഇറക്കിയ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഭിന്നശേഷി സംവരണം പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ ഒഴിവുകള്‍ എല്ലാ കത്തോലിക്കാ മാനേജ്‌മെന്റുകളും മാറ്റിവച്ചതും റോസ്റ്റര്‍ വഴി സമര്‍പ്പിച്ചതുമാണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്നു ലഭിച്ച ലിസ്റ്റ് പ്രകാരം നിയമനം നല്‍കിയിട്ടുമുണ്ട്
സിഎസ് ഐ സഭ
എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം സംബന്ധിച്ചു വിദ്യാഭ്യാസമന്ത്രി നടത്തുന്ന പ്രസ്താവനകള്‍ വാസ്തവവിരുദ്ധമെന്നു സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ നിയന്ത്രണത്തിലുള്ള സിഎംഎസ് സ്‌കൂളുകളുടെ കോര്‍പറേറ്റ് മാനേജര്‍ റവ. സുമോദ് സി.ചെറിയാന്‍ അറിയിച്ചു.. ആവശ്യമുള്ള തസ്തികകളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍നിന്നു ഭിന്നശേഷി സംവര ണത്തില്‍ നിയമിക്കപ്പെടേണ്ട അധ്യാപകരെ ലഭിക്കാത്തതാണു നിയമനങ്ങള്‍ നടക്കാത്തതിന്റെ കാരണം. കേരളത്തിലെ വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രശ്‌നത്തിലെ യഥാര്‍ഥ വസ്തുതകള്‍ മറച്ചുവച്ച് ക്രൈസ്തവ കോര്‍പറേറ്റ് മാനേജ്‌മെന്റുകള്‍ ഭിന്നശേഷിക്കാര്‍ക്ക് എതിരാണെന്നു വരുത്തിത്തീര്‍ക്കാനുള്ള മന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്കാ കോണ്‍ഗ്രസ്
സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അപ്രഖ്യാപിത നിയമന നിരോധനം മറയ്ക്കുന്നതിനു ഭിന്നശേഷി നിയമനം മറയാക്കുകയാണെന്നു കത്തോലിക്കാ കോണ്‍ഗ്രസ്. വിദ്യാഭ്യാസമന്ത്രിയുടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ആരോപിച്ചു.
ഭിന്നശേഷിക്കാര്‍ക്കു വേണ്ടി നിയമനം ഒഴിച്ചിട്ടാല്‍പോലും മറ്റു സാധാരണ നിയമനങ്ങള്‍ പാസാക്കാത്തത് എന്തിനെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ഫിലിപ് കവിയില്‍, ഡോ. ജോസ്‌കുട്ടി ഒഴുകയില്‍, ടോണി പുഞ്ചക്കുന്നേല്‍, പ്രഫ. കെ.എം. ഫ്രാന്‍സിസ്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, രാജേഷ് ജോണ്‍, തോമസ് ആന്റണി, ഡോ.കെ.പി. സാജു, ജോമി കൊച്ചുപറമ്പില്‍ എന്നിവര്‍ അറിയിച്ചു.

