എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വാനോളം പുകഴ്ത്തി മന്ത്രി വി. എന്‍. വാസവന്‍. കുത്തഴിഞ്ഞ പുസ്തകത്തെ ചിട്ടയായി മാറ്റിയെടുത്തത് വെള്ളാപ്പള്ളി നടേശനാണെന്നും വെള്ളാപ്പള്ളി നടേശന്‍ പകരക്കാരന്‍ ഇല്ലാത്ത അമരക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി പ്രസ്ഥാനത്തോട് പ്രകടിപ്പിക്കുന്ന കൂറ് വലുതാണ്. വിശ്രമജീവിതത്തിലേക്ക് എല്ലാവരും പോകുന്ന കാലഘട്ടത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ ധീരമായി ഉത്തരവാദിത്വം ഏറ്റെടുത്തത്. ശ്രീനാരായണ ഗുരു ദര്‍ശനങ്ങള്‍ക്ക് വളരെ പ്രാധാന്യമുള്ള കാലഘട്ടമാണെന്നും വി. എന്‍. വാസവന്‍ പറഞ്ഞു.
ഇതിനിടെ തന്നെ കുറ്റം പറയാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും, മാറി നിന്ന് കുറ്റം പറയുന്നത് സംഘടനക്ക് നല്ലതല്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തന്നെ കള്ള് കച്ചവടക്കാരനെന്ന് പറഞ്ഞത് വരെ സഹിച്ചു. ട്രാക്ക് തെറ്റിയാണ് എസ്എന്‍ഡിപി യോഗത്തിലേക്ക് വന്നത്. താന്‍ പൊതുപ്രവര്‍ത്തനം തുടങ്ങുമ്പോള്‍ തന്റെ സമുദായം എവിടെ കിടക്കുന്നു എന്നെനിക്ക് അറിയാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

