Spread the love

കോട്ടയം: എന്‍എസ്എസ് ഇടത് സര്‍ക്കാരുമായി സൗഹൃദത്തിലായ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ചങ്ങനാശേരി താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നാളെ നടക്കുന്ന വിജയദശമി നായര്‍ മഹാസമ്മേളനം ശ്രദ്ധേയമാകും. ഉച്ചകഴിഞ്ഞ് 2ന് പെരുന്ന എന്‍എസ്എസ് ഹിന്ദു കോളജ് ഓഡി റ്റോറിയത്തിലാണ് സമ്മേളനം.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം.ശശികുമാര്‍ അധ്യക്ഷനാകും. സമുദായ നേതാക്കളും താലൂക്കിലെ 5 മേഖലകളില്‍നിന്നായി അയ്യായിരത്തോളം സമുദായാംഗങ്ങളും പങ്കെടുക്കും.

എന്‍എസ്എസ് സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍, ട്രഷറര്‍ എന്‍.വി. അയ്യപ്പന്‍പിള്ള, വൈസ് പ്രസിഡന്റ് എം.സംഗീത്കുമാര്‍, കരയോഗം രജിസ്ട്രാര്‍ വി വി ശശിധരന്‍ നായര്‍, വൈസ് പ്രസിഡന്റ് എസ് സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാരിനെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പുകഴ്ത്തിയത് കേരളത്തിലെ രാഷ്ട്രീയ സാമുദായിക രംഗത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഇതോടെ സാമുദായിക സംഘടകളായ എസ്എന്‍ഡിപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയില്‍ തുടര്‍ഭരണം നേടാന്‍ ഒരുങ്ങി നില്ക്കുകയാണ് പിണറായി സര്‍ക്കാര്‍. എന്നാല്‍ സുകുമാരന്‍ നായരുടെ ഇടതിനോടുള്ള പരസ്യ പിന്തുണ സമുദായത്തില്‍ എതിര്‍പ്പ് രൂക്ഷമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ വിജയദശമി സമ്മേളനത്തില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്.