Spread the love

കോട്ടയം:കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ത്രീശാക്തീകരണത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം മറ്റൊരു പദ്ധതിയുമായി കേന്ദ്രസർക്കാർ ഇറങ്ങിപ്പുറപ്പെടുന്നതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ വേതനം മുഴുവൻ കേന്ദ്രസർക്കാരാണ് നൽകിയിരുന്നത്.ഇത് റദ്ദാക്കി ഗാന്ധിജിയുടെ പേരും ഒഴിവാക്കിയാണ് പുതിയ പദ്ധതി നടപ്പിലാക്കാനുള്ള ബിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്നത്.പുതിയ പദ്ധതികൾ നടത്തിപ്പിനുള്ള 40% പണം സംസ്ഥാന സർക്കാർ കണ്ടെത്തേണ്ടി വരും.

നിലവിൽ 90% കേന്ദ്രസർക്കാരും 10% സംസ്ഥാന സർക്കാരുമാണ് തൊഴിലുറപ്പ് പദ്ധതിക്കായി വിനിയോഗിക്കുന്നത്.ബിജെപി ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ സാമ്പത്തികമായി കൂടുതൽ ദുർബലമാക്കുകയെന്ന ഗൂഡോദ്ദേശമാണ് ഇതിന് പിന്നിലുള്ളത്.കേന്ദ്രസർക്കാർ അപ്രഖ്യാപിത സാമ്പത്തിക ഉപരോധം അടിച്ചേൽപ്പിച്ചിരിക്കുന്ന കേരളത്തിന് 1400 കോടിയോളം രൂപ പ്രതിപക്ഷം പദ്ധതി നടപ്പിനായി കണ്ടെത്തേണ്ടി വരും.ഇത് സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തികഭാരം അമിതമായി വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി