കോട്ടയം: കേരളത്തിലേക്ക് ഇറച്ചി, പാൽ ആവശൃത്തിനായി പ്രതിവർഷം 5000 കോടിയുടെ കാലികളെത്തുമ്പോൾ 2000 കോടിയും മാഫിയ, ഗുണ്ടാ, പോലീസ് സഘത്തിന് ഗുണ്ടാ പിരിവ് വഴി ലഭിക്കുന്നുണ്ടെന്ന് മീറ്റ് ഇൻഡസ്ട്രീസ് വെൽഫയർ അസോസിയേഷൻ.
വിവിധങ്ങളായ കാരണങ്ങളാൽ ഇൻഡ്യയിലെ കാലി സമ്പത്ത് കുത്തനെ കുറഞ്ഞു കൊണ്ടിരിക്കുന്നു. കാലി വളർത്തലിനുള്ള ചിലവ്, കാലി തീറ്റയുടെ വില കൂടുതലും പാർശ്വ ഫലങ്ങളും, പാലിൻ്റെ വിലക്കുറവ്, സ്വതന്ത്ര്യമായി മാർക്കറ്റ് ചെയ്യാ നുള്ള തടസ്സം, കൂത്തകളും മാഫിയാ ഗുണ്ടാ ഗ്രൂപ്പുകളുടെയും കാലികളുമായുള്ള യാത്ര വേളയിലെ കടന്നു കയറ്റം മുതലായ കാരണങ്ങളാൽ ലാഭകരമാല്ലാതെ പോകുന്ന ഈ രംഗത്തുനിന്നും കർഷകർ പിന്മാറുകയാണ്.
ബീഫ് കേരളത്തിലെ ഒരു പ്രധാന ഭക്ഷ്യവസ്‌തുവാണ്. ഇറച്ചി ആവശ്യത്തിനും, പാലിനും മറ്റുമായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമാണ് മാടുകൾ എത്തുന്നത്. അന്ധ്ര, തെലുങ്കാന, തമിഴ്‌നാട്, കർണ്ണാടക മുതലായ സംസ്ഥാനങ്ങളിലെ കന്നുകാലി വ്യാപാരം പൂർണ്ണമായും ഗുണ്ടാ മാഫിയ ഗ്രൂപ്പുകളാണ് നിയന്ത്രിക്കുന്നത്. ഈ ഗ്രൂപ്പു കൾ വഴിയോ ഇവർക്കു പണം (ഗുണ്ടാപിരിവ്) കൊടുത്തോ അല്ലാതെ ഇവയെ വാങ്ങാനോ കേരളത്തിലേക്ക് റോഡ് മാർഗ്ഗം എത്തിക്കുവാനോ ആവില്ല.
ഒരു വർഷം 5,000 കോടി രൂപയുടെ മാടുകൾ കേരളത്തിലെത്തുമ്പോൾ (പ്രതിമാസം ഒന്നര ലക്ഷം കന്നുകാലികൾ) ഇതിൽ 2,000 കോടിയും ഗുണ്ടാ പോലീസ് സംഘത്തിന് ഉള്ള ഗുണ്ടാപിരിവാണ്. ഈ ഗ്രൂപ്പുകളുടെ ഇടപെടലും ഈ ഗ്രൂപ്പുകൾ തമ്മിലുണ്ടാകുന്ന വഴക്കുകളും മൂലം കാലികളുമായി വരുന്ന വാഹനങ്ങൾ എസ്.പി.സി.എ.യുടെ മറവിൽ പോലീസിനെ ഉപയോഗിച്ച് ജപ്‌തി ചെയ്യുന്നത് പതിവാണ്. വൈകാരികത ഉയർത്തി വാഹനങ്ങൾ തടഞ്ഞ് കാലികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളുമുണ്ട്.
ജപ്‌തി ചെയ്യുന്ന കാലികളൊ, തട്ടികൊണ്ടു പോകുന്ന കാലികളെ എവിടെ പോകുന്നു എന്നത് ദുരൂഹമാണ്. ഈ രംഗത്ത് നിലവിലുള്ള എല്ലാ നിയമങ്ങളും ലംഘിച്ചും കൊണ്ടു നടക്കുന്ന ഈ മാഫിയ പ്രവർത്തനങ്ങൾക്ക് സഹായകരമായ നിലപാടാണ് പോലീസിന്റേത്.
ഇങ്ങനെ
കേരളത്തിലേക്കുള്ള കാലികളുടെ വരവ് കുറയുകയും മാംസത്തിന്റെ ലഭ്യത വളരെ കുറയുകയും ചെയ്യുന്നു. ഇത് വില കയറ്റം ഉണ്ടാക്കുന്നു. ഈ അവസരം മുതലാക്കി അന്യ സംസ്ഥാനങ്ങളിൽ നിന്നും സുനാമി ഇറച്ചി എന്ന പേരിൽ ഗുണനിലവാരമില്ലാത്ത ഇറച്ചി സംസ്ഥാനത്ത് വ്യാപകമായി കിലോക്ക് 320 രൂപയ്ക്ക് വിറ്റഴിക്കപ്പെടുന്നു.
ബേക്കറി, ബാർ ഹോട്ടലുകൾ, മറ്റു ചില ഹോട്ടലുകൾ ഒക്കെ ഇത് വാങ്ങുന്നു. പ്രതിദിനം 1 ലക്ഷം കിലോ സുനാമി ഇറച്ചി കേരളത്തിൽ വിൽക്കപ്പെടുന്നു എന്നാണ് കണക്ക്.
വളർത്തുമൃഗങ്ങളുടെ കുറവുമൂലവും അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇവ എത്തിക്കുവാനുള്ള പ്രായോഗിക ബുദ്ധിമുട്ടുമൂലവും ഇറച്ചി വ്യാപാരികൾ വലിയ നഷ്‌ട ത്തിലാണ്. 1500 രൂപയുണ്ടായിരുന്ന മാടിൻ്റെ തുകലിൻ്റെ വില 400 രൂപയായി. പോത്തിന്റെ തുകൽ 1000 രൂപയിൽ നിന്നും 300 രൂപയായി. അനധികൃത ജപ്തിയും, ഗുണ്ടാപിരിവും ഗുണ്ടാ ഗ്രൂപ്പുകളുടെ ഭീഷണിയും മൂലം കാലികളുടെ വരവ് തീരെ കുറഞ്ഞു. 2 മാസത്തിനുള്ളിൽ കേരളത്തിൽ ഇറച്ചി വില 460 രൂപ വരെ വർദ്ധിച്ചു. പല ഇറച്ചി കടകളിലും ക്ഷാമമായി.
അനധികൃത ജപ്തിയും ഗുണ്ടാ, മാഫിയാ, പോലീസ് പീഡനങ്ങൾക്കുമെതിരെ ഒരു കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നുള്ള അപേക്ഷ അനന്തര നടപടികൾക്കായി കേരള ചീഫ് സെക്രട്ടറിയെ പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയെങ്കിലും കേരളത്തിനു പുറത്തു നടക്കുന്നവയായതുകൊണ്ട് നടപടി എടുക്കാനാവില്ലയെന്ന് സംസ്ഥാനം നിലപാടെടുത്തു. കേന്ദ്ര- കേരള സർക്കാർ തന്നെ ഇക്കാര്യത്തിൽ നടപടി ഉണ്ടാവണം എന്ന് ആവശ്യപ്പെട്ട് മറ്റ് സംസ്ഥാനങ്ങൾക്ക് അയച്ച കത്തുകളിലും ഒരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല.
മാംസ വ്യാപാരത്തിന് അനുമതിയും അടിസ്ഥാന സൗകര്യവുമൊരുക്കേണ്ട പഞ്ചായത്തുകൾ മൗനം പാലിക്കുന്നു. തദ്ദേശ സ്ഥാപനങ്ങൾ കോടിക്കണക്കിന് രൂപ മുടക്കി കശാപ്പുശാലകൾ പണിയുന്നുണ്ടെങ്കിലും പ്രവർത്തിക്കാറില്ല. മാംസം, തുകൽ, എല്ല്, കൊഴുപ്പ് മുതലായ തലങ്ങളിൽ 10 ലക്ഷത്തോളം കുടുംബങ്ങളുടെ തൊഴിൽ അനാഥമായി കൊണ്ടിരിക്കുന്നു.
ഒരു സ്വയം തൊഴിൽ മേഖല എന്ന പരിഗണന പോലും ഇവർക്ക് ലഭിക്കുന്നില്ല. അനധികൃത ജപ്തി, ഗുണ്ടാപിരിവ് എന്നിവമൂലം ഇറച്ചി വില കൂടുമ്പോൾ വില കുറഞ്ഞ സുനാമി ഇറച്ചി വില്‌പനയുൾപ്പെടെ ഈ രംഗമാകെ അന്യസംസ്ഥാന മാഫിയാ പിടിമുറുക്കുന്നു. ഇവിടെ നിന്നുള്ള വ്യാപാരികളുടെ ലോറി തടയപ്പെടുമ്പോൾ ഈ ഗുണ്ടകളുടെ മാടുകൾ ചെക്ക് പോസ്റ്റുകൾ വഴി യഥേഷ്ടം കടന്നു പോരുന്നു. നിവേദനങ്ങളും പരാതികളും അവഗണിക്കപ്പെടുന്നു.
ഇപ്പോൾ കേരളത്തിലെ വാളയാർ, എറണാകുളം ജില്ലയിലെ രണ്ടു സ്ഥലങ്ങളിലും അനധികൃതമായി കാലികളുടെ ജപ്തി നടന്നു. ഈ കാലികൾ എവിടെപ്പോയി എന്നറിയില്ല. പോലീസ് അന്വേഷണം ഇതിൽ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്‌ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടും നടപടിയുണ്ടായില്ല.
അനേകം കുടുംബങ്ങളുടെ ഉപജീവന മാർഗ്ഗമായ കേരളത്തിലെ പ്രധാനപ്പെട്ട ഈ സ്വയം തൊഴിൽ മേഖലയെ തകർച്ചയിൽ നിന്നും രക്ഷിക്കാൻ സർക്കാരുകളുടേയും തദ്ദേശ സ്ഥാപനങ്ങളുടെയും ഭാഗത്ത് നിന്ന് സത്വര നടപടി ഉണ്ടാവണം. അയൽ സംസ്ഥാനങ്ങളിൽ നേരിടുന്ന നിയമവിരുദ്ധ നടപടികൾക്കെതിരെ ഒരു കേന്ദ്ര ഏജൻസിയുടെ സമഗ്രമായ അന്വേഷണവും നടപടിയും ഉണ്ടാവണം.
തദ്ദേശ സ്ഥാപനങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം, മത്സ്യം, കോഴി മുതലായവയുടെ വിലക്കയറ്റം കണ്ടില്ലെന്നു നടിക്കുന്ന അധികൃതർ ബീഫ് വില കൂട്ടുന്നുവെന്ന് പറഞ്ഞ് നടപടികൾക്ക് ഒരുങ്ങുന്നു. ഇതിലേക്ക് സോഷ്യൽ മീഡിയയിൽ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നു.
ഇപ്പോൾ തന്നെ പ്രതിദിനം ഒരു ലക്ഷം കിലോ സുനാമി ഇറച്ചി അറവു നിരോധിച്ച ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നു. ഇവരാണ് ഇതിന്റെ പിന്നിൽ. അങ്ങനെ അന്യസംസ്ഥാനങ്ങളിൽ നിന്ന് ഒരു രേഖയുമില്ലാതെ വരുന്ന ഗുണ നിലവാരമില്ലാത്ത മാംസ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത അവസാനിപ്പി ക്കണം.
അസേസിയേഷൻ ഉന്നയിക്കുന്ന ആവശൃങ്ങൾ:
കേരളത്തിന്റെ കാലിസമ്പത്ത് സംരക്ഷിക്കുന്നതിനും സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട ഈ സ്വയം തൊഴിൽ മേഖല സംരക്ഷിക്കുന്നതിനുമായി സർക്കാർ കമ്മീ ഷനെ നിയമിച്ച് വിഷയങ്ങൾ പഠിച്ച് പരിഹരിക്കണം.
പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ച പ്രകാരം വിവിധ സംസ്ഥാനങ്ങളിലെ വിഷയമായതിനാൽ ഒരു കേന്ദ്ര ഏജൻസിയുടെ അന്വേഷണം പ്രഖ്യാപിക്കണം.
കന്നുകാലികളെ വഴിയിൽ തടയരുതെന്ന് ബഹു. സുപ്രീകോടതിയുടെ ഉത്തരവ് നട പ്പാക്കുവാനും ബ്രാന്റ് കാലി തീറ്റകളിൽ വിഷാംശം കണ്ടെത്തിയാൽ നിയമം മൂലം നടപടിക്ക് ചട്ടങ്ങൾ കൊണ്ടുവരാനും അസ്സോസിയേഷൻ്റെ അഭ്യർത്ഥനപ്രകാരം കേരള സർക്കാരിന് പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തി യിട്ടും ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ല. ആയതിൽ തീരുമാനം ഉണ്ടാകണം.
ആന്ധ്രയിലും ഒഡീഷയിലും സർക്കാരുകൾ മാറി വന്നപ്പോൾ ബീഫ് എക്സ‌്പോട്ടിംഗ് കമ്പനികളെ സഹായിക്കുന്നതിന് സ്ഥിരം ഗുണ്ടകളെ അതിജീവിച്ച് പുതിയ ഗുണ്ട കൾ കാലികളെ തടഞ്ഞു മാർക്കറ്റിൽ നിന്ന് കുറഞ്ഞ വിലക്ക് ഈ കമ്പനികൾക്ക് സാഹചര്യം ഒരുക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രതിസന്ധിക്ക് കാരണം.
ആവശ്യത്തിന് കന്നുകാലികൾ ലഭ്യമല്ലാത്തതിനാൽ പല ഇറച്ചി കടകളും നിന്നു പോകുന്നു. സർക്കാർ ഈ വിഷയത്തിൽ നടപടിയെടുത്തില്ലെങ്കിൽ ഇറച്ചി കടകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ട് പ്രതിഷേധിക്കുവാനാണ് സംഘടനയുടെ തീരുമാനമെന്ന് ബിനോ ജോസഫ് (ജനറൽ സെക്രട്ടറി), സലിം എം.എ. (പ്രസിഡന്റ്), അജീഷ് ജോസഫ് കാഞ്ഞിരമറ്റം (സമിതി കൺവീനർ) എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

