ചങ്ങനാശേരി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെട്ട മുരാരി ബാബുവിനെ എൻഎസ്എസ് കൈയൊഴിഞ്ഞു. പെരുന്ന കരയോഗം പ്രസിഡണ്ടായിരുന്ന മുരാരിയുടെ രാജി എഴുതി വാങ്ങി. വിവാദ കാലയളവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വ്യാഴാഴ്ചയാണ് ഇയാളുടെ രാജി എഴുതി വാങ്ങിയത്. ഞായറാഴ്ചത്തെ കരയോഗം പൊതുയോഗം ഇത് അംഗീകരിച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് പറയപ്പെടുന്നതെങ്കിലും മുരാരിയെ സമുദായ നേതൃത്വം പരിധിവിട്ട് സഹായിക്കുന്നുവെന്ന് ആരോപണം ഉയർന്നതോടെയാണ് ഗത്യന്തരമില്ലാതെതെ രാജി വയ്പിച്ചത്.
സ്വർണ്ണ കൊള്ളക്ക് വഴിയൊരുക്കി സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പങ്ങള്‍ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുരാരി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തത്. മുരാരി ബാബുവിന് സ്വര്‍ണ്ണ തട്ടിപ്പില്‍ വലിയ പങ്കുണ്ടെന്നാണ് ആരോപണം.
രാജിവയ്ക്കാന്‍ ജനറല്‍ സെക്രട്ടറിയും താലൂക്ക് യൂണിയന്‍ ഭാരവാഹികളും മുരാരി ബാബുവിനോട് ആവശ്യപ്പെട്ടിരുന്നു. ശബരിമല സ്വര്‍ണ കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശേഷം അറസ്റ്റ് ചെയ്‌തേക്കാം എന്ന് കരുതുന്ന വ്യക്തിയാണ് മുരാരി ബാബു.
ഈ സാഹചര്യത്തില്‍ എന്‍ എസ് എസിന്റെ ഒരു ഭാരവാഹി അറസ്റ്റിലാവുന്ന സാഹചര്യം ഒഴിവാക്കാന്‍ കൂടിയാണ് രാജി. എന്‍എസ്എസ് ഭാരവാഹിത്വം രാജിവയ്ക്കണമെന്ന് കരയോഗം തലത്തിലും ആവശ്യം ഉയര്‍ന്നിരുന്നു.
ചില താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ മുരാരി ബാബുവിനോട് നേരിട്ട് രാജി ആവശ്യം ഉന്നയിച്ചിരുന്നു. വ്യാഴാഴ്ച തന്നെ രാജി എഴുതി വാങ്ങിയിരുന്നു. ഞായറാഴ്ചത്തെ കരയോഗം പൊതുയോഗം ഇത് അംഗീകരിച്ചു.
എന്‍എസ്എസ് ആസ്ഥാനവുമായി വളരെയധികം ബന്ധമുള്ള ആളാണ് മുരാരി ബാബു. മുരാരിയുടെ അടുത്ത ബന്ധു എൻഎസ്എസ് ആസ്ഥാനത്ത് സുപ്രധാന പദവിയിൽ ജോലി ചെയ്യുന്നുണ്ട്.
എൻഎസ്എസ് നേതൃത്വത്തിന്റെ സ്വാധീനത്തിലാണ് മേജർ ക്ഷേത്രങ്ങളായ വൈക്കം, ഏറ്റുമാനൂർ, തിരുനക്കര, ഹരിപ്പാട് ക്ഷേത്രങ്ങളിൽ മുരാരി പ്രധാനപദവികൾ വഹിച്ചതെന്നാണ് റിപ്പോർട്ടുകൾ. ദേവസ്വം ബോർഡിൽ വലിയ സ്വാധീനം ചെലുത്താനും ശബരിമലയിലും സുപ്രധാന പദവിയിലെത്താനും ഇത് വഴിയൊരുക്കി. ആദൃം കോൺഗ്രസ് പക്ഷത്ത് നിലയുറപ്പിച്ച മുരാരി ഭരണം മാറിയപ്പോൾ സിപിഎം നേതാക്കളുടെ അടുത്തയാളായി മാറി.
ഏറ്റുമാനൂരിലും വൈക്കത്തും ജോലി ചെയ്തിരുന്ന അവസരങ്ങളിൽ നിരവധി ആരോപങ്ങക്ക് വിധേയനായ മുരാരിയെ തൊടാൻ ദേവസ്വം വിജിലൻസിന് പോലും കഴിഞ്ഞില്ല. മുരാരിയുടെ ഉന്നത രാഷ്ട്രീയ സാമുദായിക ബന്ധങ്ങളായിരുന്ന ഇതിന് പിന്നിൽ. മുരാരി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായും കോടികൾ വിലമതിക്കുന്ന വീട് പണിതതിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും കഴിഞ്ഞ ദിവസം കോട്ടയം പ്രസ്ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ദേവസ്വം ബോർഡ് മുൻ പിആർഒ അയർക്കുന്നം രാമൻ നായർ ആവശൃപ്പെട്ടിരുന്നു.
ശ്രീകോവിൽ ശില്‍പപാളികള്‍ സ്വര്‍ണം പൊതിഞ്ഞതാണെന്ന് അറിയാമായിരുന്നിട്ടും ചെമ്പ് തകിടുകള്‍ എന്ന് മഹസറിലെഴുതി ശുപാര്‍ശ നല്‍കിയ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെയും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.
2024ലും സ്വര്‍ണപ്പാളികള്‍ വീണ്ടും ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് തന്നെ നേരിട്ടു നല്‍കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. കോട്ടയം ചങ്ങനാശേരി സ്വദേശിയായ മുരാരി ബാബുവിനേയും അറസ്റ്റു ചെയ്യാനാണ് സാധ്യത. സ്വര്‍ണ്ണ കട്ടിളയില്‍ സമാന തിരുത്തല്‍ വരുത്തിയ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനേയും അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ട്. നിലവില്‍ വാസു പ്രതിപട്ടികയില്‍ ഇല്ല.
മുരാരി ബാബുവിലേക്കാണ് അന്വേഷണം നീളുന്നത്. ഇതുകൊണ്ടാണ് എന്‍ എസ് എസ് നേതൃത്വം മൂരാരിയെ കൈയ്യൊഴിഞ്ഞ് രാജി എഴുതി വാങ്ങിച്ചത്.

