തൃശൂർ: നിരവധി കുടുംബങ്ങളിലെ ഭാര്യാഭർതൃ ബന്ധത്തിലെ തകർച്ചകൾ പരിഹരിച്ച് ഒന്നിപ്പിച്ച ക്രിസ്ത്യൻ സുവിശേഷകരും ജീവകാരുണ്യ പ്രവർത്തകരുമായ മാരിയോ ജോസഫ്- ജിജി മാരിയോ ദമ്പതിമാർ തമ്മിലടിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.
ചാലക്കുടിയിലെ ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജീജി മാരായോയും ഭർത്താവ് മാരിയോ ജോസഫുമാണ് കുടുംബ തർക്കം തീർക്കുന്നതിനിടെ വഴക്കായതും തല്ലിൽ കലാശിച്ചതും. മർദ്ദിച്ചെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെയാണ് ചാലക്കുടി പൊലീസ് കേസെടുത്തിരിക്കുന്നത്.
പുരുഷൻ തന്റെ ഭാര്യയെ തന്നേപ്പോലെ സ്നേഹിക്കണം എന്ന് പ്രസംഗിച്ച മാരിയോ ജോസഫും, ഭാര്യ ഭർത്താവിന് വിധേയപ്പെട്ട് ജീവിക്കണം എന്ന് പഠിപ്പിച്ച ജിജി മാരിയോയും തമ്മിൽ നടന്ന അക്രമാസക്തമായ വഴക്കിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഇരുവരും തൊഴിൽ തർക്കത്തെത്തുടർന്ന് ഒമ്പത് മാസമായി അകന്ന് കഴിയുകയായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാനായി ജിജി, ഭർത്താവ് മാരിയോയുടെ വീട്ടിലെത്തിയപ്പോളാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. കഴിഞ്ഞ മാസം 25 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
അതേസമയം ഇരുവരും പ്രശ്നങ്ങൾ പറഞ്ഞു പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ജിജിയെ മാരിയോ ഉപദ്രവിക്കുകയായിരുന്നു എന്നാണ് പൊലീസ് എഫ് ഐ ആർ പറയുന്നത്. മാരിയോ സെറ്റ് ബോക്സ് എടുത്ത് ജിജിയുടെ തലയിലടിച്ചു. കൂടാതെ ഇടത് കൈയ്യിൽ കടിക്കുകയും മുടിയിഴ പിടിച്ച് വലിക്കുകയും ചെയ്തുള്ള ദേഹോപദ്രവം ഏൽപിച്ചെന്നും എഫ് ഐ ആറിലുണ്ട്.
ഒപ്പം എഴുപതിനായിരം രൂപ വിലയുള്ള ഫോൺ എടുത്തെറിഞ്ഞ് പൊട്ടിച്ചെന്നും എഫ് ഐ ആർ വിവരിക്കുന്നു. ജിജിയുടെ പരാതിയിൽ ചാലക്കുടി പൊലീസാണ് കേസെടുത്തത്. ബി എൻ എസ് 126 പ്രകാരമാണ് മാരിയോക്കെതിരെ കേസെടുത്തിട്ടുള്ളത്. ഒരു മാസം തടവും അയ്യായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്. ജിജിക്കെതിരെ മാരിയോ ജോസഫും പരാതി നൽകിയിട്ടുണ്ട്. ഈ പരാതി പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

