മലയാളത്തിന്റെ മഹാനടന് മമ്മൂട്ടി സമ്പൂര്‍ണ രോഗമുക്തനായി പിറന്നാള്‍ ദിനമായ സെപ്തംബര്‍ ഏഴിന് പൊതുവേദിയില്‍ എത്തും. ഒരു മാസത്തിനുശേഷം അഭിനയത്തിലേക്കും തിരിച്ചെത്തും. രോഗമുക്തനായ വിവരം പേഴ്സണല്‍ മേക്കപ്പ്മാനും മമ്മൂട്ടി കമ്പനി മാനേജിംഗ് ഡയറക്ടറുമായ എസ്. ജോര്‍ജ്, അടുത്ത സുഹൃത്തും നിര്‍മ്മാതാവുമായ ആന്റോ ജോസഫ് എന്നിവരാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. മമ്മൂട്ടിക്കു ഉമ്മ നല്കുന്ന ചിത്രം നടന് മോഹന്‍ലാല്‍ ലൗ ഇമോജിയോടെ ഫേസ്ബുക്കില്‍ പങ്കിട്ടു.
‘ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥന ഫലംകണ്ടു. ദൈവമേ നന്ദി, നന്ദി, നന്ദി എന്നാണ് നിര്‍മാതാവ് ആന്റോ ജോസഫ് പ്രതികരിച്ചത്.
ഏഴുമാസമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു മമ്മൂട്ടി. അപ്പോളോ ആശുപത്രിയിലായിരുന്നു ചികിത്സ. ശരീരത്തില്‍ നേരിയതോതിലെങ്കിലും രോഗബാധ അവശേഷിക്കുന്നുണ്ടോയെന്ന് അറിയാനുള്ള പെറ്റ് സ്കാനുള്‍പ്പെടെയുള്ള ആധുനിക പരിശോധനാ ഫലങ്ങളെല്ലാം അനുകൂലമാണ്. ഇന്നലെ എന്‍ഡോസ്കോപ്പി ഫലംകൂടി വന്നതോടെ എല്ലാം ഭേദമായെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. വന്‍കുടല്‍ അവസാനിക്കുന്ന ഭാഗത്താണ് രോഗ ലക്ഷണം കണ്ടത്. വേഗത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സിക്കാനായത് രോഗം ഭേദമാകാന്‍ എളുപ്പമായി. ചെന്നൈയിലെ വസതിയിലുള്ള മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ കേരളകൗമുദിയോട് പറഞ്ഞു.
നടിമാരായ മഞ്ജു വാര്യര്‍, മാല പാര്‍വതി, സംവിധായകരായ സിബി മലയില്‍, ജൂഡ് ആന്റണി ജോസഫ്, നടന് രമേഷ് പിഷാരടി തുടങ്ങി നിരവധി സിനിമാപ്രവര്‍ത്തകര്‍ സന്തോഷം പങ്കിട്ട് പോസ്റ്റുകള്‍ പങ്കുവച്ചു. ആയിരക്കണക്കിന് ആരാധകര്‍ പോസ്റ്റിന് കമന്റ് അറിയിച്ചു. മമ്മൂട്ടി സുഖം പ്രാപിച്ചെന്നും ഏഴിന് വലിയ പ്രഖ്യാപനമുണ്ടാകുമെന്നും മരുമകന് അഷ്കര്‍ സൗദാന്‍ സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചിരുന്നു.
നവാഗതനായ ജിതിന് കെ. ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവല്‍’ ആണ് മമ്മൂട്ടിയുടെ റിലീസ് ചെയ്യാനുള്ള സിനിമ. ഇതിലെ ഡബ്ബിംഗാകും ആദ്യം ചെയ്യുക. ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യും. തുടര്‍ന്ന് മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന സിനിമയിലായിരിക്കും ആദ്യം അഭിനയിക്കുക. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന് തുടങ്ങിയവര്‍ അഭിനയിക്കുന്ന സിനിമയാണിത്. കുറെ ഭാഗങ്ങളില്‍ മമ്മൂട്ടി അഭിനയിച്ചിരുന്നു. മമ്മൂട്ടിയെ നായകനാക്കിയുള്ള മറ്റു പ്രൊജക്ടുകള്‍ അണിയറയിലുണ്ട്. വിശ്രമിക്കുമ്പോഴും മമ്മൂട്ടി കഥ കേള്‍ക്കുകയും പ്രോജക്ടുകളെക്കുറിച്ച് ഫോണില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

