പ്രസ്റ്റണ്‍ (യുകെ): യുകെയിൽ മലയാളി യുവതിയുടെ രക്തപരിശോധനയിൽ കണ്ടെത്തിയത് ‘അപൂർവ രോഗം. ജീവന് ഭീഷണിയാകുന്ന അപൂര്‍വ രക്തസംബന്ധമായ രോഗത്തോട് പൊരുതുന്ന യുവതി അനുയോജ്യമായ സ്റ്റെം സെല്‍ ദാതാവിനെ തേടുന്നു. അപ്ലാസ്റ്റിക് അനീമിയ (Aplastic Anaemia) ബാധിച്ച ലങ്കാഷെയറിലെ പ്രസ്റ്റണിൽ താമസിക്കുന്ന മലപ്പുറം സ്വദേശിയായ റഫിയ ഷെറിൻ (30) ആണ് അനുയോജ്യമായ ദാതാവിനായി കാത്തിരിക്കുന്നത്.
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റഫിയയ്ക്ക് അപ്ലാസ്റ്റിക് അനീമിയ സ്ഥിരീകരിച്ചത്. പുതിയ രക്തകോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അസ്ഥിമജ്ജയുടെ പ്രവര്‍ത്തനം ഗുരുതരമായി തകരുന്ന അപൂര്‍വ രോഗാവസ്ഥയാണ് അപ്ലാസ്റ്റിക് അനീമിയ.
റഫിയ 2019ല്‍ മാസ്റ്റര്‍ ബിരുദ പഠനത്തിനായാണ് യുകെയിലെത്തിയത്. കഴിഞ്ഞ ജൂണില്‍ അവധിക്കാല യാത്ര നടത്തിയപ്പോഴാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. യാത്ര കഴിഞ്ഞ് യുകെയില്‍ തിരിച്ചെത്തിയിട്ടും ആരോഗ്യനില മെച്ചപ്പെട്ടില്ല. തലകറക്കം, ഛര്‍ദ്ദി, പേശിവേദന, കടുത്ത ക്ഷീണം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ തുടര്‍ന്നതോടെ റഫിയ വീണ്ടും ചികിത്സ തേടി. ആദ്യം ഭക്ഷ്യവിഷബാധയുടെ അനന്തരഫലങ്ങളായിരിക്കാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ രക്തപരിശോധനയിലാണ് ഗുരുതരമായ രോഗാവസ്ഥ കണ്ടെത്തിയത്. പരിശോധനാഫലം ലഭിച്ചതിന് പിന്നാലെ പിറ്റേദിവസം തന്നെ ആശുപത്രിയില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ആശുപത്രിയില്‍ എത്തിയ റഫിയയ്ക്ക് അടിയന്തരമായി രക്തം മാറ്റിവെക്കേണ്ടിവന്നു.
അസ്ഥിമജ്ജയ്ക്ക് ആവശ്യമായ അളവില്‍ പുതിയ രക്തകോശങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് റഫിയ നേരിടുന്നത്. അതിനാൽ ആഴ്ചയില്‍ രണ്ടുതവണ രക്തം മാറ്റിവെക്കണം
എന്നാണ് വിവരം.

