എന്‍എസ്എസില്‍ കൊടിയ അഴിമതി സ്വജനപക്ഷപാതം, ഒരു കുടുംബത്തിലെ 43 പേര്‍ക്ക് ജോലി നല്‍കി കെബി ഗണേഷ്‌കുമാര്‍ മറുപടി നൽകാൻ തീരുമാനിച്ച് എൻഎസ്എസ് നേതൃത്വം
എന്‍എസ്എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.ബി.ഗണേഷ് കുമാര്‍.സംഘടനയില്‍ കൊടിയ അഴിമതിയും സ്വജനപക്ഷപാതവുമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഒരു കുടുംബത്തിലെ 43 പേര്‍ക്ക് എന്‍എസ്എസ് സ്ഥാപനങ്ങളില്‍ ജോലി നല്‍കിയത് ഇതിന് തെളിവാണെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു.
ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെയും സംഘടനയുടെ സമദൂര സിദ്ധാന്തത്തെയും ചോദ്യം ചെയ്തതാണ് തന്നെ നേതൃത്വത്തില്‍നിന്ന് പുറത്താക്കാന്‍ കാരണം. കനകസിംഹാസനത്തില്‍ ഏത് ശുനകനുമിരിക്കാമെന്ന് തോന്നിപ്പിക്കരുതെന്നും ഗണേഷ്‌കുമാര്‍ വിമര്‍ശിച്ചു.നായര്‍ സംരക്ഷണ സമിതി തയാറാക്കിയ എന്‍എസ്എസ് നേതൃത്വത്തിനെതിരായ ‘ദേവതാരുവിലെ ഇത്തിള്‍കണ്ണികള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കെ.ബി.ഗണേഷ്‌കുമാര്‍.
എന്‍എസ്എസ് ചങ്ങനാശേരി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഹരികുമാര്‍ കോയിക്കലിന്റെ സംസ്‌കാരത്തിനു മുമ്പേ അനുശോചന യോഗം വിളിച്ചു ചേര്‍ത്തു. എന്നിട്ട് മകനെ പ്രസിഡന്റാക്കി. പ്രസിഡന്റ് മരിച്ചാല്‍ സ്വാഭാവികമായും വൈസ് പ്രസിഡന്റ് ആ പദവിയിലത്തും, അതാണ് സംഘടനാ രീതി. പക്ഷേ അതിനു കാത്തു നില്‍ക്കാനുളള ക്ഷമ പോലും ഉണ്ടായിരുന്നില്ല. കോയിക്കലിന്റെ ഭാര്യ എന്‍എസ്എസ് ല്‍ ജോലി ചെയ്യുന്നതിനാല്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയില്ല.
എൻഎസ്എസ് നേതൃത്വത്തിനെതിരെ സമീപകാലത്ത് ഉയർന്ന ഏറ്റവും രൂക്ഷമായ വിമർശനമാണിത്. എൻഎസ്എസ് ആസ്ഥാനത്ത് പ്രമുഖർ സന്ദർശനം എത്തുമ്പോൾ മുഖം തിരിഞ്ഞിരിക്കുന്ന സമീപനം സുകുമാരൻ നായർ സ്വീകരിക്കുന്നുവെന്നും അഭിനയത്തിലൂടെ ഗണേഷ് കുമാർ സദസ്സിന് വിവരിച്ചു കൊടുത്തിരുന്നു
ഇത് അടക്കം സാമ്പത്തികമായി പോലും ഉയർത്തിയ ആരോപണം എൻഎസ്എസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. തുടർന്നാണ് മറുപടി നൽകാൻ തീരുമാനിച്ചത്.

