മോഹൻലാൽ നായകനായി അഭിനയിച്ചു മേജർ രവി സംവിധാനം ചെയ്ത കർമ്മയോദ്ധ എന്ന സിനിമയുടെ തിരക്കഥ അപഹരണം എന്ന് കോട്ടയം കൊമേഴ്സ്യൽ കോടതി വിധി പ്രസ്താവിച്ചു*
2012 ഡിസംബർ മാസത്തിൽ റിലീസ് ചെയ്ത കർമ്മയോദ്ധ എന്ന സിനിമ തൻ്റെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ളതാണെന്ന തിരക്കഥാകൃത്തായ ആയ ശ്രീ റെജി മാത്യുവിൻ്റെ പരാതി പരിഗണിച്ച് ബഹുമാനപ്പെട്ട കോട്ടയം കോമ്മേഴ്സ്യൽ കോടതി ജഡ്ജി മനീഷ് ഡി. എ. വിധി പ്രസ്താവിച്ചു.
ടി സിനിമ റിലീസ് ചെയ്യുന്നതിന് ഒരു മാസം മുമ്പ് ടി സിനിമയുടെ റിലീസ് തടയണം എന്ന് ആവശ്യപ്പെട്ട് റെജി മാത്യു ബഹു കോടതിയെ സമീപിച്ചിരുന്നു. ആ സമയം 5 ലക്ഷം രൂപ കോടതിയിൽ കെട്ടിവെച്ച് സിനിമ റിലീസ് ചെയ്യുവാൻ കോടതി അനുവദിച്ചിരുന്നു.
അപ്രകാരം അനുവദിച്ച ഉത്തരവിൽ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണവും സംബന്ധിച്ചു കോടതിയിൽ തർക്കമുണ്ട് എന്ന് രേഖപ്പെടുത്തി സിനിമ റിലീസ് ചെയ്യുന്നതിന് കോടതി അനുവദിച്ചു. എന്നാൽ ഉത്തരവിന് വിരുദ്ധമായി തിരക്കഥാകൃത്തുക്കൾ എന്ന് അവകാശപ്പെട്ട ഷാജി, സുമേഷ് എന്നിവരുടെ പേര് ചേർത്ത് ഉത്തരവ് ലംഘിച്ചു സിനിമ റിലീസ് ചെയ്തു പ്രദർശിപ്പിച്ചു എന്ന് ബോധിപ്പിച്ചു നാൽപ്പതു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടും, തിരക്കഥയും സംഭാഷണവും തൻ്റേതാണ് എന്ന് പ്രഖ്യാപിക്കുന്നതിനുമാണ് റെജി മാത്യു കോടതിയെ സമീപിച്ചത്.
കേസിൽ ഒന്നാം പ്രതിയായി മേജർ രവിയേയും രണ്ടാം പ്രതിയായി റെഡ് റോസ് കമ്പയിൻസ് എന്ന പ്രൊഡക്ഷൻ സ്ഥാപനം ഉടമ ഹനീഫ് മുഹമ്മദിനെയും പ്രതി ചേർത്തിരുന്നതും, തിരക്കഥാകൃത്തുക്കൾ എന്ന് അവകാശപ്പെട്ട് ഷാജി എസ്. വി. സുമേഷ് വി റോബിൻ എന്നവർ യഥാക്രമം മൂന്നും നാലും പ്രതികളായി കക്ഷി ചേരുകയുമായിരുന്നു.
കേസിൽ കഥ തൻ്റേതാണെന്നു മേജർ രവി അവകാശപ്പെടുകയും, വാദി റെജി മാത്യുവിനോട് തിരക്കഥ സംബന്ധിച്ച് സിനിമ രചയിതാക്കളായ പലരോടും ചർച്ച ചെയ്ത കൂട്ടത്തിൽ, റെജി മാത്യൂവിനോടും ചർച്ച ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും അതിനു പതിനായിരം രൂപ ചെക്ക് മുഖേനെയും ഇരുപതിനായിരം രൂപ പണമായും നൽകിയെന്നും, സിനിമയുടെ രചനയിൽ റെജിക്ക് യാതൊരു പങ്കും ഇല്ലെന്നും, തൻ്റെ കഥക്ക് ഷാജിയുടെയും സുമേഷിൻ്റെയും തിരക്കഥയും, സംഭാഷണവും, സ്വീകരിച്ചു എന്നുമായിരുന്നു മേജർ രവിയുടെ തർക്കം.
റെജി മാത്യു ഹർജിക്കൊപ്പം ഹാജരാക്കിയ കഥാസംക്ഷിപ്തവും (One line story). തിരക്കഥയുടെയും, സംഭാഷണത്തിൻ്റേയും കയ്യെഴുത്തു പ്രതികളും, നോട്ടറി മുഖേന സാക്ഷ്യപ്പെടുത്തി കോടതിയിൽ സമർപ്പിച്ചിരുന്നു. രചനകൾ സിനാമാ ഷൂട്ട് ചെയ്ത സമയം മേജർ രവി എറിഞ്ഞു കളഞ്ഞ സീനുകൾ ലൊക്കേഷനിൽ നിന്നും സംഘടിപ്പിച്ച് പകർത്തി എഴുതിയതാണ് എന്നായിരുന്നു മേജർ രവിയുടെ തർക്കം. ആ തർക്കങ്ങൾ എല്ലാം വിശദമായി പ്രതിപാദിച്ചു തള്ളികളഞ്ഞ കോടതി ടി സിനിമയുടെ കഥയും, തിരക്കഥയും സംഭാഷണവും, വാദി റെജിമാത്യുവിൻ്റെ മാത്രം രചനയാണെന്നു പ്രഖ്യാപിക്കുകയും, മേജർ രവി ഉൾപ്പെടെയുള്ള പ്രതികളോട് മുപ്പതു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുവാൻ ആജ്ഞാപിച്ചു വിധി പ്രസ്താവിക്കുകയും ചെയ്തു.
കോടതി പ്രഖ്യാപിച്ച വിധിയിൽ റെജി മാത്യു തയ്യാറാക്കി കോടതിയിൽ സമർപ്പിച്ച കയ്യെഴുത്തു പ്രതിയുടെ പേജുകളിൽ മേജർ രവിയുടെ കയ്യക്ഷരത്തിലുള്ള തിരുത്തുകൾ കണ്ടത് കോടതി പ്രത്യേകം പരിഗണിച്ചു.
കഥ തിരക്കഥാ സംഭാഷണം എന്നിവയുടെ പരിപൂർണ്ണ അവകാശം ഇന്ത്യൻ കോപ്പിറൈറ്റ് നിയമ പ്രകാരം റെജി മാത്യുവിന് മാത്രമാണെന്ന് പ്രഖ്യാപിച്ചു. അതായത് ആയതുകളുടെ പുസ്തക രൂപ പ്രസിദ്ധീകരണം, സിനിമ നിർമിതി, അന്യഭാഷാ സിനിമ നിർമിതി, സാറ്റലൈറ്റ്. ഒ. ടി. ടി. വിഷ്വൽമീഡിയ മുഖേനയുള്ള എല്ലാ സംപ്രേക്ഷണങ്ങൾക്കും, നിർമിതികൾക്കും കോപ്പി റൈറ്റ് നിയമപ്രകാരമുള്ള എല്ലാ അവകാശങ്ങളും അതോടൊപ്പം തിരക്കഥ ഉപയോഗിച്ച് നിർമിച്ച കർമയോദ്ധ എന്ന സിനിമയുടെയും ആ കഥ, തിരക്കഥ, സംഭാഷണം എന്നിവകൾ ഉപയോഗിച്ച് ഇതര ഭാഷകളിൽ നിർമിച്ച സിനിമകളുടെയും വിഷ്വൽ തിരക്കഥയുടെ പുസ്തക രൂപത്തിലുള്ള പ്രസിദ്ധീകരണവും സംപ്രേക്ഷണങ്ങളും റെജിമാത്യുവിൻ്റെ ടൈറ്റിൽ ക്രെഡിറ്റോടും സമ്മതത്തോടുമല്ലാതെ പാടില്ലായെന്നു നിരോധിച്ചു വിധി പ്രസ്താവിച്ചിട്ടുള്ളതാണ്. റെജി മാത്യുവിന് വേണ്ടി യശ്ശ:ശരീരനായ അഭിഭാഷകൻ പി.കെ. ചിത്രഭാനുവും കോട്ടയം ബാറിലെ അഭിഭാഷകനായ ജോജോ തോമസും ഹാജരായി.

