കണ്ണൂര്‍/മാഹി: കവലകള്‍ തോറും പോലീസ്. ഇരുചക്ര വാഹനങ്ങളില്‍ നിരന്തരമായുളള പോലീസിന്റെ റോന്തു ചുറ്റല്. പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിലെ തെരഞ്ഞെടുപ്പുകാല കാഴ്ചകള്‍ ഇങ്ങിനെ. അടച്ചു പൂട്ടിയ എം. എല്‍. എ ഓഫീസിന് മുന്നിലും റീജിയണല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിലുമൊക്കെ പോലീസിന്റെ നിയന്ത്രണം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ കേരളം മുഴുവന്‍ വ്യാപിക്കുമ്പോള്‍ മാഹിയില്‍ ജനാധിപത്യ വിധിയെഴുത്തിന് മുന്നിലുളള കാഴ്ചകളാണിത്. നാട്ടുകാരടക്കം ഇവിടെയെത്തുന്നവര്‍ ഭീതിയോടെയാണ് ഇതെല്ലാം നോക്കി കാണുന്നത്. 9 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുളള മാഹിയിലും കേരളത്തെ പോലെ ഏപ്രില്‍ 9 ന് തന്നെയാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ പൊതുയോഗങ്ങളും റോഡ് ഷോയും പോസ്റ്ററുകളും ചുവരെഴുത്തുമെല്ലാം നിറഞ്ഞ് നില്ക്കുമ്പോൾ മാഹി മൗനത്തിലാണ്. രാഷട്രീയ പാര്‍ട്ടികളുടെ മുന്‍കാല ബോര്‍ഡുകളും പ്രചരണ സാമഗ്രികളുമെല്ലാം അധികൃതര്‍ നോട്ടീസ് നല്‍കിയതോടെ മാറ്റി കഴിഞ്ഞു.
പൊതു സ്ഥലത്തും സ്വകാര്യ സ്ഥലത്തും തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിയുടേയും മുന്നണിയുടേയും യോഗങ്ങളില്‍ ചായയും പലഹാരങ്ങളും നല്കിയാല് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടി വീഴും. എന്നാല്‍ മോര് വെള്ളത്തിനും വെള്ളത്തിനും വിലക്കില്ല. മുഖ്യമന്ത്രിമുതല്‍ സാധാരണ വോട്ടര്‍മാര്‍ വരെ എല്ലാവരും തുല്യരാണ്. ആര്‍ക്കും വി.ഐ.പി. പരിവേഷമില്ല. സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ നിന്നും മുഖ്യമന്ത്രി മുതല്‍ എം. എല്‍. എ മാര്‍ വരെയുളളവരുടെ ചിത്രങ്ങള്‍ നീക്കി കഴിഞ്ഞു. പൊതു പരിപാടികളിലും വിലക്കുണ്ട്. രാഷ്ട്രീയ നേതാക്കന്മാര്ക്ക് പങ്കെടുക്കാന്‍ പാടില്ല. വോട്ടെടുപ്പ് അവസാനിക്കുന്ന ദിവസം വരെ സര്‍ക്കാര്‍ പരിപാടികളില്‍ ഉദ്യോഗസ്ഥരും കർശന നിരീക്ഷണത്തിലാണ്.

