കൊല്‍ക്കത്ത: കൊൽക്കത്ത ലോ കോളജ് ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. കേസിലെ മുഖ്യപ്രതി ഇരയെ ഉപദ്രവിക്കുന്നതിന്റെ നിരവധി വീഡിയോകള്‍ ചിത്രീകരിക്കുകയും അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു.
ജൂണ്‍ 25-ന് സൗത്ത് കല്‍ക്കട്ട ലോ കോളേജ് ക്യാമ്പസില്‍വെച്ച് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ, മുഖ്യപ്രതിയും കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ മനോജിത് മിശ്ര (31), കൂട്ടുപ്രതികളായ സൈബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു എന്നതാണ് കേസ്. മൂന്ന് മുഖ്യപ്രതികളും സെക്യൂരിറ്റി ഗാര്‍ഡ് പിനാകി ബാനര്‍ജി(55)യും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
യുവതിയുടെ വൈദ്യപരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രതിയുടെ ഡിഎൻഎ, ഫൊറൻസിക് സാംപിളുകളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.. അതേസമയം സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ പ്രതികള്‍ പെൺകുട്ടിയെ വലിച്ചിഴക്കുന്നതും ബന്ദിയാക്കുന്നതും കാണാം.
ചുമരില്‍ സ്ഥാപിച്ചിരുന്ന എക്സ്ഹോസ്റ്റ് ഫാനിന്റെ ദ്വാരത്തിലൂടെയാണ് പ്രതികള്‍ ഈ വീഡിയോകള്‍ ചിത്രീകരിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
പെൺകുട്ടിയെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും സുരക്ഷാ ജീവനക്കാരൻ ഗാർഡ് റൂം പൂട്ടിയെന്നും മറ്റാരെയും അറിയിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ സംഭവസ്ഥലത്ത് ഉള്ളതായി കാണാം. ഇയാളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
ഈ സംഭവത്തിന് മുമ്പ് മനോജിത് മിശ്ര എട്ട് തവണ അറസ്റ്റിലായിട്ടുണ്ട്.

