തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം മുന്നണി ഇടത് മുന്നണി വിടുമെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടയിൽ ജോസ് കെ മാണിയെ പ്രീതിപ്പെടുത്താൻ നിർണായക പ്രഖൃാപനം.
തിരുവനന്തപുരത്ത് കെഎം മാണി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന് ഭൂമി അനുവദിച്ച് പിണറായി സര്‍ക്കാര്‍. കവടിയാറില്‍ 25 സെന്റ് ഭൂമിയാണ് കെഎം മാണി ഫൗണ്ടേഷന് അനുവദിച്ചിരിക്കുന്നത്.
മുന്‍ ധനമന്ത്രിയും കേരളാ കോൺഗ്രസ് എം ചെയർമാനുമായ കെഎംമാണിക്കു പാലായില്‍ സ്മാരകമന്ദിരം നിര്‍മിക്കുന്നതിന് അദ്ദേഹത്തിന്റെ പേരിലുളള ഫൗണ്ടേഷന് അഞ്ചു കോടി രൂപ അനുവദിച്ചു കൊണ്ട് 2020- 21 ലെ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപനം നടത്തിയിരുന്നു. പഠന ഗവേഷണ കേന്ദ്രം തുടങ്ങാനായിരുന്നു തുക നീക്കിവെച്ചത്. 2020 ഫെബ്രുവരി ഏഴിന് തോമസ് ഐസക്ക് അവതരിപ്പുച്ച ബഡ്ജറ്റിലാണ് തുക നീക്കിവച്ചത്.
എന്നാല്‍ പ്രഖ്യാപനം ആറു വര്‍ഷത്തോളം കടലാസില്‍ പൊടിപിടിച്ച് കിടന്നു. മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായിട്ടും തങ്ങളുടെ പാര്‍ട്ടി നേതാവിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ ഉചിതമായ സ്മാരകം നടപ്പാക്കാത്തതില്‍ കേരള കോണ്‍ഗ്രസ് എം അണികള്‍ക്കിടയില്‍ ശക്തമായ അമര്‍ഷമുണ്ട്. അത് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിക്ക് നേരെ വിമര്‍ശനമായി ഉയരുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ജോസ് കെ മാണി ഇടത് ബന്ധമുപേക്ഷിക്കുമെന്ന അഭൃഹങ്ങൾക്കിടയിലാണ് സ്മാരകത്തിന് ഭൂമി അനുവദിച്ചിരിക്കുന്നത്. പാലായില്‍ സ്മാരകം എന്നായിരുന്നു പ്രഖ്യാപനം എങ്കിലും ഭൂമി അനുവദിച്ചിരിക്കുന്നത് തിരുവനന്തപുരത്താണ്. ഈ ഭൂമിയില്‍ കെഎം മാണി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സ്ഥാപിക്കുവാനാണ് സർക്കാർ സ്ഥലം അനുവദിച്ചിരിക്കുന്നത്.
കവടിയാറില്‍ സ്ഥാപിക്കുന്ന സ്മാകരത്തിന് ആര്‍. ഒന്നിന് 100 രൂപ നിരക്കില്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കുമെന്നാണ് മന്ത്രിസഭാ തീരുമാനം.
കെ എം മാണിയുടെ പാർട്ടിയെ യുഡിഎഫില്‍ എത്തിക്കാന്‍ വലിയ ചരടുവലികൾ നടക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് കെഎം മാണി സ്മാരകത്തിന് ഭൂമി നല്‍കിയിരിക്കുന്നത്. ഇത് ജോസിനെ പ്രീതിപ്പെടുത്തി കൂടെ നിര്‍ത്താനുള്ള എല്‍ഡിഎഫ് നീക്കമെന്ന് കരുതപ്പെടുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം ധനകാര്യവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയാണ് കെഎം മാണി. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതല്‍ തവണ മന്ത്രിയായ വ്യക്തിയും കെഎം മാണി തന്നെ. ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രിയായിരുന്ന വ്യക്തി എന്ന റെക്കോര്‍ഡും മാണി സാറിന്റെ പേരിലാണ്. മന്ത്രിയായിരുന്ന കാലത്ത് ഏറ്റവും കൂടുതല്‍ കാലം ധനവകുപ്പും (11 വര്‍ഷം 8 മാസം) നിയമ വകുപ്പും (21 വര്‍ഷം 2 മാസം) കൈകാര്യം ചെയ്തുവെന്ന റിക്കോര്‍ഡ് കെഎം മാണിയുടെ പേരിലാണ്. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് ബാർ കോഴ വിവാദമുയർന്ന സാഹചരൃത്തിൽ കെഎം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനെതിരെ വലിയ പ്രതിഷേധവും അക്രമവുമാണ് സിപിഎം എംഎൽഎ മാർ നിയമസഭയിൽ നടത്തിയത്. അതിന്റെ പ്രായശ്ചിത്ത്മായി വിലയിരുത്താവുന്നതാണ് സിപിഎം മുഖൃമന്ത്രി തന്നെ കെഎം മാണിക്ക് സ്മാരകത്തിനായി ഭൂമി അനുവദിച്ചത്!.

