Spread the love

മദ്യപിച്ച് ട്രെയിനില്‍ കയറി ബഹളം വച്ച ആള്‍ 19 കാരിയായ യാത്രകാരിയെ ചവുട്ടിപുറത്തേക്ക് എറിഞ്ഞു. നട്ടെല്ലിനു പരുക്കേറ്റ പാലോട് സ്വദേശിനി സോനുവിനെ (ശ്രീക്കുട്ടി 19) അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പാറശാലയ്ക്കു സമീപം പനച്ചമൂട് വടക്കുംകര സുരേഷ്‌കുമാറിനെ (48) പിടികൂടി. യാത്രക്കാര്‍ തടഞ്ഞുവച്ച ഇയാളെ കൊച്ചുവേളി റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ചോദ്യംചെയ്തുവരുന്നു.

രാത്രി 8.30 ഓടെയാണു സംഭവം. ട്രെയിന്‍ വര്‍ക്കല സ്റ്റേഷനില്‍ എത്തിയപ്പോള്‍ സുരേഷ്‌കുമാര്‍ ജനറല്‍ കംപാര്‍ട്‌മെന്റില്‍ കയറി. സുരേഷ്‌കുമാര്‍ മദ്യലഹരിയില്‍ പെരുമാറിയത് സോനുവും കരമന സ്വദേശിനി അര്‍ച്ചനയും (19) ചോദ്യംചെയ്തു. ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ ട്രെയിന്‍ വര്‍ക്കലയ്ക്കും കടയ്ക്കാവൂരിനും ഇടയില്‍ അയന്തി പാലത്തിനു സമീപം എത്തിയപ്പോള്‍, പ്രകോപിതനായ സുരേഷ്‌കുമാര്‍ സോനുവിനെ പുറത്തേക്ക് ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു.

തടയാന്‍ ശ്രമിച്ച അര്‍ച്ചനയെയും ഇയാള്‍ ചവിട്ടി വീഴ്ത്തിയെങ്കിലും ചവിട്ടുപടിയില്‍ പിടിച്ചുകിടന്നു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരാണ് അര്‍ച്ചനയെ രക്ഷിച്ചത്. ട്രാക്കിനു പുറത്തേക്കു വീണ സോനുവിനെ യാത്രക്കാര്‍ അറിയിച്ചത് അനുസരിച്ച് റെയില്‍വേ പൊലീസ് എത്തി തിരുവനന്തപുരംകൊല്ലം മെമു ട്രെയിനില്‍ വര്‍ക്കലയില്‍ എത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് അതീവ ഗുരുതരമാണെന്ന് മനസിലായതോടെയാണ് തിരുവനന്തപുരം ആശുപത്രിയിലേക്ക് മാറ്റി.ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷ സംബന്ധിച്ച വീണ്ടും ആശങ്ക ഉയര്‍ത്തുന്നതാണ് ഇന്നലെ വര്‍ക്കലയില്‍ ഉണ്ടായ ആക്രമണം. ഷൊര്‍ണൂരില്‍ യാത്രക്കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിനു സമാനമായ ആക്രമണമാണ് ഇതും.