Spread the love

കോട്ടയത്ത് 9 മണ്ഡലങ്ങളിൽ അഞ്ചിൽ  വിജയം ഉറപ്പിച്ച് എൽഡിഎഫ്. കഴിഞ്ഞദിവസം ചേർന്ന സിപിഎമ്മിന്റെ എല്ലാ വിലയിരുത്തൽ യോഗത്തിൽ ഏറ്റുമാനൂർ പാലാ ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ എൽഡിഎഫ് വിജയിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

പൂഞ്ഞാറിൽ വോട്ടിംഗ് ശതമാനം ഉയർന്നത് പ്രതീക്ഷ നൽകുന്നു. NDA ഇവിടെ കൂടുതൽ വോട്ട് പിടിച്ചാൽ നല്ല വിജയം ലഭിക്കും. എന്നാൽ ചങ്ങനാശ്ശേരി ഒഴികെ ഒരു മണ്ഡലത്തിലും 10000ത്തിനു മുകളിൽ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ല. ഏറ്റുമാനൂരിൽ വിഎൻ വാസവൻ 5000 വരെ വോട്ടിന് വിജയിക്കും. പാലായിൽ ജോസ് കെ മാണി  2000 മുതൽ 6000 വോട്ട് വരെയും നേടി വിജയിക്കുമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.

അവസാനഘട്ടത്തിൽ യുഡിഎഫിന് അനുകൂലമായ തരംഗം ഉണ്ടാക്കാൻ പ്രതിപക്ഷത്തിനു കഴിഞ്ഞുവെന്നും ഇതു ജയപ്രതീക്ഷ ഉള്ള മണ്ഡലങ്ങളിൽ പോലും ഭൂരിപക്ഷം കുറയ്ക്കാൻ കാരണമായെന്നും സിപിഎം വിലയിരുത്തുന്നു.

പൂഞ്ഞാറിൽ എൻഡിഎ സ്ഥാനാർഥി പി.സി.ജോർജ് പിടിക്കുന്ന വോട്ടുകൾ നിർണായകമാകും. ഇതു യുഡിഎഫിന് വിനയാകുമെന്നും കൂടുതൽ വോട്ട് പിടിച്ചാൽ അത് എൽഡിഎഫിനെ ജയത്തിലെത്തിക്കുമെന്നും സിപിഎം കണക്കുകൂട്ടുന്നു.

കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി മണ്ഡലങ്ങൾ പരിഗണന പട്ടികയിൽ ഇല്ല. എന്നാൽ ഈ മണ്ഡലങ്ങളിൽ നില മെച്ചപ്പെടുത്തുമെന്നും കടുത്തുരുത്തിയിൽ ഒരുപക്ഷേ 2,000 വോട്ടിനു ജയിക്കുമെന്നും വിലയിരുത്തുന്നു.

ഏരിയ കമ്മിറ്റികൾ നൽകിയ അവലോകന റിപ്പോർട്ടിൻ മേലുള്ള വിശദമായ ചർച്ച അടുത്ത ദിവസം നടക്കും. ബൂത്ത് തല കണക്കുകൾ ക്രോഡീകരിച്ചാണ് ഏരിയ കമ്മിറ്റികൾ റിപ്പോർട്ട് തയാറാക്കുന്നത്.

കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥി 5000 മുതൽ 10000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും. സ്ഥാനാർഥിയെക്കുറിച്ച് മണ്ഡലത്തിൽ അഭിപ്രായവ്യത്യാസങ്ങളില്ല.

വൈക്കത്ത് 5000 മുതൽ 9000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും കർഷക ആത്‌മഹത്യ തിരിച്ചടിയായെങ്കിലും മണ്ഡലത്തിന്റെ സാമൂഹിക പശ്ചാത്തലം അനുകൂലമാണെന്നാണ് വിലയിരുത്തൽ

ജില്ലയിലെ വോട്ടിങ് ശതമാനം 74.76 ആണ്. പോസ്റ്റുബാലറ്റ് ഒഴിച്ചുള്ള കണക്കാണിത്. ശരാശരി ഒന്നര ശതമാനം പോസ്റ്റൽ വോട്ടുകൾ മണ്ഡലങ്ങളിൽ പോൾ ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ആകെ 15,11,580 വോട്ടർമാരിൽ 11,30,089 പേർ ബൂത്തിലെത്തി. ജില്ലയിൽ ഏറ്റവുമധികം പോളിങ് നടന്നത് ഏറ്റവുമധികം വോട്ടർമാരുള്ള പൂഞ്ഞാർ മണ്ഡലത്തിലാണ്. ശതമാനക്കണക്കിൽ മുന്നിൽ വൈക്കമാണ്. ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തിയിൽ.