കൊച്ചി: മലയാളികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ വാർത്തയായിരുന്നു കൊല്ലം സുധിയുടെ മരണം. ഇപ്പോഴിതാ സുധിയുടെ മരണ ശേഷം ജീവിതത്തില്‍ കടന്നു പോയ അനുഭവങ്ങള്‍ പങ്കിട്ട് കിച്ചു സുധി രംഗത്തെത്തി. അച്ഛന്റെ ദാമ്പത്യ ജീവിതങ്ങളിലെ പാളിച്ചകളെക്കുറിച്ചും കിച്ചു സംസാരിക്കുന്നുണ്ട്.
അച്ഛന് പോയതോടെ താന്‍ ഒറ്റപ്പെട്ടുപോയെന്നാണ് കിച്ചു പറയുന്നത്. അച്ഛന് മരിച്ച ദിവസം നടന്ന കാര്യങ്ങളും കിച്ചു പങ്കുവെക്കുന്നുണ്ട്.
വാക്കുകൾ :
2004 ലാണ് ഞാന്‍ ജനിക്കുന്നത്. ശാലിനി എന്നാണ് എന്റെ സ്വന്തം അമ്മയുടെ പേര്. തൃശ്ശൂരായിരുന്നു എന്റെ ജനനം. കുഞ്ഞിലെ മുതലുള്ള ഓര്‍മ്മ അച്ഛനും അമ്മയും തമ്മിലുള്ള അടിയും വഴക്കുമാണ്. എന്റെ സ്വന്തം അമ്മ എനിക്ക് ഒന്നര വയസുള്ളപ്പോള്‍ വേറൊരാളുടെ കൂടെ പോയി. പിന്നെയുള്ള ഓര്മ അച്ഛന് സ്കൂട്ടര്‍ എടുത്ത് എവിടെയോ പോകാന്‍ നില്‍ക്കുന്നതാണ്. കൂട്ടുകാരന്റെ സ്കൂട്ടറായിരുന്നു.
ഞാനും വരണമെന്ന് പറഞ്ഞപ്പോള്‍ വരണ്ട, നീയിവിടെ നിന്നോ എന്നൊക്കെ പറഞ്ഞു. സ്കൂട്ടറും എടുത്ത് ആത്മഹത്യ ചെയ്യാന്‍ പോയതാണെന്ന് തോന്നുന്നു. ലോറിയെ ഇടിക്കാന്‍ പോയി. പക്ഷെ ഞങ്ങള്‍ രണ്ടാള്‍ക്കും ഒന്നും പറ്റിയില്ല. ഞങ്ങളൊരു കടത്തിണ്ണയുടെ മുന്നില്‍ പോയിരുന്ന് കരഞ്ഞു. എനിക്ക് ഒന്നും പറ്റിയില്ല. അച്ഛന്റെ മുട്ട് മാത്രം മുറിഞ്ഞു. അതൊക്കെയാണ് ആദ്യത്തെ ഓര്‍മകള്‍.
എനിക്ക് രണ്ട് മൂന്ന് വയസുള്ളപ്പോഴാണ് കൊല്ലത്തേക്ക് വരുന്നത്. അച്ഛന് വേറെ കല്യാണം കഴിച്ചു. വീണ എന്നായിരുന്നു അവരുടെ പേര്. ആ സമയത്ത് എനിക്ക് അച്ഛനുമായി കോണ്ടാക്ട് ഇല്ലാതായി. അച്ഛന് അവരുടെ വീട്ടിലായിരുന്നു. അവിടേയും അടിയായിരുന്നു. എന്നെ വേറൊരു രീതിയിലായിരുന്നു കണ്ടിരുന്നത്. പിന്നീട് അച്ഛന് വീണയുമായി ഡിവോഴ്സ് ആയി.
ഇപ്പോഴത്തെ അമ്മ രേണു സുധിയെ ആദ്യം കാണുന്നത് വിഡിയോ കോളിലാണ്. പിന്നീട് നേരിട്ട് വന്നു കണ്ടു. നല്ല കമ്പനിയായി. ആ സമയത്ത് സൂപ്പര്‍ ആയിരുന്നു. ഒരു ദിവസം കല്യാണം കഴിക്കട്ടെ എന്ന് അച്ഛന് എന്നോട് ചോദിച്ചു. അച്ഛന് ഇഷ്ടമാണോ എന്നാണ് ഞാന്‍ ചോദിച്ചത്. അച്ഛനും രേണു അമ്മയും ഞാനും ആദ്യം കൊല്ലത്തായിരുന്നു. ചില വഴക്കുകളുണ്ടായപ്പോഴാണ് കോട്ടയത്തേക്ക് പോകുന്നത്. ഇനിയാണ് ഞങളുടെ കഥ തുടങ്ങുന്നത്.
ആദ്യമൊക്കെ സന്തോഷമായിരുന്നെങ്കിലും പിന്നീട് പ്രശ്നങ്ങൾ തുടങ്ങി. മൂന്ന് വർഷത്തോളം വീടിനുള്ളിൽ തന്നെ അടച്ചിരിക്കേണ്ടി വന്ന സാഹചര്യമുണ്ടായി. കമ്പ്യൂട്ടറിൽ ഗെയിം കളിച്ച് ഒരു മുറിക്കുള്ളിൽ തന്നെ കഴിയുകയായിരുന്നു. അച്ഛൻ ഷൂട്ടിംഗിന് പോകുമ്പോൾ കൂടെക്കൂട്ടുന്നത് പോലും അന്ന് വീട്ടിൽ പ്രശ്നങ്ങൾക്ക് കാരണമായിരുന്നുവെന്ന് കിച്ചു ഓർക്കുന്നു.
എത്രയൊക്കെ വഴക്കിട്ടാലും തനിക്ക് താങ്ങായിരുന്നത് അച്ഛൻ മാത്രമായിരുന്നുവെന്ന് കിച്ചു പറയുന്നു. “എല്ലാവർക്കും എന്നെ ഇഷ്ടക്കേടായിരുന്നു. പക്ഷേ എന്തൊക്കെ വിഷമം വന്നാലും എനിക്ക് അച്ഛനെ വിളിക്കാമായിരുന്നു. ആ ഒരു ധൈര്യമായിരുന്നു എന്റെ ജീവിതം.” അച്ഛന്റെ വിയോഗത്തിന് ശേഷം ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ് കിച്ചു ഇപ്പോൾ.

