Spread the love

തിരുവനന്തപുരം: കേരളത്തെ നടുക്കിയ ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ കൊലക്കേസിലെ പ്രതി ഷെറിന്‍ കാരണവര്‍ക്ക് ജയില്‍ മോചനം. ശിക്ഷാകാലവധി പൂര്‍ത്തിയാകും മുമ്പേ ഷെറിനെ മോചിപ്പിക്കാനുളള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചതായി ഇംഗ്‌ളീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ അംഗീകരിച്ചതോടെയാണ് ഷെറിന് മോചനം സാധ്യമായത്. മാനുഷിക പരിഗണന, കുടുംബിനി എന്നീ പരിഗണനകളിലാണ് ഇളവു നല്‍കിയത്.

2010 ജൂണ്‍ 11നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിച്ചത്. തുടര്‍ന്നു ഷെറിന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയത്. വൈകാതെ ഇവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്കു മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചതു പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ഇവിടെ വെച്ച് വെയില്‍ കൊള്ളാതിരിക്കാന്‍ ഇവര്‍ക്കു ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചതു വലിയ വിവാദമായിരുന്നു. ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ഷെറിനെതിരെ പരാതി ഉണ്ടായി. പിന്നീട് 2017 മാര്‍ച്ചില്‍ തിരുവനന്തപുരം വനിതാ ജയിലിലേക്കു മാറ്റിയിരുന്നു.

ശിക്ഷ ഇളവ് ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.ജീവപര്യന്തം തടവ് 14 വര്‍ഷത്തിലധികം അനുഭവിച്ചതിനാല്‍, അകാല മോചനത്തിന് അര്‍ഹയാണെന്ന് ജയില്‍ ഉപദേശക സമിതി റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന്, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് ആന്റ് കറക്ഷണല്‍ സര്‍വീസസ് വിഷയം സര്‍ക്കാരിന് റഫര്‍ ചെയ്തു, ഇതാണ് മോചനത്തിന് വഴിയൊരുക്കിയത് ഗവര്‍ണര്‍ക്ക് ശിക്ഷകളിലുളള അധികാരം നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 161 പ്രകാരമാണ് ഈ തീരുമാനം. അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തര) ബിശ്വനാഥ് സിന്‍ഹ പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് സംസ്ഥാന പോലീസ് മേധാവി, ജയില്‍ ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍, കണ്ണൂരിലെ വനിതാ ജയില്‍ സൂപ്രണ്ട് എന്നിവര്‍ക്ക് അയച്ചു.

2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്‌കര കാരണവരെ മരുമകള്‍ ഷെറിന്‍ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്‌കര കാരണവറുടെ ഇളയമകന്‍ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001ല്‍ ഇവര്‍ വിവാഹിതരായത്.