Spread the love

തിരുവനന്തപുരം: സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിസന്ധിയിലായിരിക്കെ പാര്‍ട്ടി പ്രതിനിധിക്ക് പകരം ഐഐഎസ് പശ്ചാത്തലമുളള പ്രസിഡന്റിനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ നിയോഗിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായി. വിദേശത്തുള്ള മുഖ്യമന്ത്രിയുടെ കൂടി അംഗീകാരം വാങ്ങിയ ശേഷം തീരുമാനം അന്തിമമാക്കും. ശബരിമലയുമായി ബന്ധപ്പെട്ട വന്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്ക് പുറത്തുള്ള ഒരാളെ പ്രസിഡന്റ് സ്ഥാനത്ത് നിയോഗിക്കുകയാണ് ഉചിതമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ജയകുമാറിനെ നിശ്ചയിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ സമ്മതം തേടി. ഏറ്റെടുക്കാനുള്ള സന്നദ്ധത ജയകുമാര്‍ അറിയിച്ചു.

ദേവസ്വം ബോര്‍ഡ് ചീഫ് കമ്മിഷണറായി നേരത്തേ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഡിഷനല്‍ ചീഫ് സെക്രട്ടറിയായിരിക്കെ ദേവസ്വം വകുപ്പിന്റെ ചുമതലയും വഹിച്ചു. ഈ അനുഭവ സമ്പത്ത് കണക്കിലെടുത്താണ് സിപിഎം തീരുമാനം. ഇപ്പോള്‍ ഐഎംജി ഡയറക്ടറാണ്. നിലവിലുളള ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ നിയോഗിക്കുന്നത്.