ടെഹ്റാൻ : എട്ടാം നാളും അയവില്ലാതെ തുടർന്ന് പശ്ചിമേഷ്യൻ യുദ്ധം. ഇറാനിലെ പടിഞ്ഞാറൻ മേഖലകളിൽ വ്യാപക വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തുന്നത്.
അതേസമയം ഏകദേശം 9,000 ഇന്ത്യൻ പൗരന്മാരാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. ടെഹ്‌റാൻ, ഖോം എന്നീ രണ്ട് ഇറാനിയൻ നഗരങ്ങളിലാണ് ഇവർ കഴിയുന്നത്. ഇവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങും.
അതിനിടെ, ടെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തിനടുത്ത് ഇസ്രയേൽ ആക്രമണം നടത്തിയതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഇറാനിൽ ഇതുവരെ 1332 പേർ കൊല്ലപ്പെട്ടു. ലെബനോനിലും മരണം 217 കടന്നതായാണ് റിപ്പോർട്ട്. അതേസമയം, തെക്കൻ ഇസ്രയേലിൽ ഇറാനും മിസൈൽ ആക്രമണം നടത്തി. തലസ്ഥാന നഗരമായ ടെൽ അവീവിൽ അടക്കം നടത്തിയ ആക്രമണം പ്രതിരോധിച്ചതായി ഇസ്രയേൽ സൈന്യം പറഞ്ഞു. പലയിടത്തും മിസൈൽ അവശിഷ്ടം പതിച്ച് തീപിടിത്തം ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.

