Spread the love

ആലപ്പുഴ:സാമ്പത്തിക ബാധ്യതയെത്തുടർന്ന് വീടുവിട്ട ഭാര്യയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി രണ്ടു മാസമായിട്ടും വിവരംകിട്ടാത്ത മനോവിഷമത്തില്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.

കായംകുളം കണ്ണമ്പള്ളിഭാഗം വിഷ്ണു ഭവനത്തില്‍ വിനോദ് (49) ആണ് വെള്ളിയാഴ്ച മരിച്ചത്. ഭാര്യയെ മൂന്നുദിവസം കഴിഞ്ഞ് കണ്ടെത്തുകയും ചെയ്തു. ചൊവ്വാഴ്ചയാണ് കണ്ണൂരില്‍ ഹോംനഴ്സായി ജോലി ചെയ്തിരുന്ന ഭാര്യ രഞ്ജിനി(45)യെ കായംകുളം പോലീസ് കണ്ടെത്തിയത്.

ജൂണ്‍ 11-ന് രാവിലെ 10.30-ഓടെ ബാങ്കിലേക്കെന്നു പറഞ്ഞു പോയ രഞ്ജിനിയെ കാണാതാവുകയായിരുന്നു. ഇവര്‍ സെക്രട്ടറിയായ കുടുംബശ്രീ യൂണിറ്റ്, കാനറ ബാങ്കില്‍നിന്ന് ഒന്നേകാല്‍ ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നു. അതിന്റെ തിരിച്ചടവിനായി പോകുന്നെന്നാണ് വീട്ടില്‍ പറഞ്ഞത്. എന്നാല്‍, തിരിച്ചെത്താഞ്ഞതിനാല്‍ ഭര്‍ത്താവ് പോലീസില്‍ പരാതിനല്‍കി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിസിടിവി പരിശോധിച്ചപ്പോള്‍ ഇവര്‍ ബാങ്കില്‍ പോയിട്ടില്ലെന്ന് പോലീസിനു വ്യക്തമായി. ഞ്ജിനിക്കായുള്ള അന്വേഷണങ്ങളെല്ലാം വഴിമുട്ടിയപ്പോൾ വിനോദ് കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നു.

വേഗം തിരിച്ചുവരണമെന്നും ബാധ്യത തീര്‍ക്കാമെന്നും കരഞ്ഞുപറയുന്ന പോസ്റ്റ് ഭാര്യയുടെ ചിത്രം സഹിതം വിനോദ് സാമൂഹികമാധ്യമങ്ങളില്‍ ഇട്ടിരുന്നു. ഇത് കണ്ടിട്ട് കണ്ണൂര്‍ കതിരൂരില്‍ രഞ്ജിനി ഹോംനഴ്സായി ജോലിചെയ്യുന്ന വിവരം ആരോ തിങ്കളാഴ്ച അവിടത്തെ പോലീസില്‍ അറിയിച്ചു. വിവരം കിട്ടിയ കായംകുളം പോലീസ് അവിടേക്കുപോയി ചൊവ്വാഴ്ച രഞ്ജിനിയുമായി മടങ്ങിയെത്തി.

വിനോദ് ജീവനൊടുക്കിയ വിവരം പോലീസ് പറഞ്ഞപ്പോഴാണ് രഞ്ജിനി അറിഞ്ഞത്. അതേസമയം കടബാധ്യത തീര്‍ക്കാനാണ് ജോലിക്കു പോയതെന്ന് ഇവര്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. വിഷ്ണുവും ദേവികയും. കോടതിയില്‍ ഹാജരാക്കിയ രഞ്ജിനിയെ മക്കള്‍ക്കൊപ്പം വിട്ടു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471-2552056)