Spread the love

ഡാറ്റാ ബാങ്കില്‍നിന്നു ഭൂമി നീക്കം ചെയ്യാനുള്ള അപേക്ഷ വീണ്ടും പരിഗണിക്കാനുളള ഹൈക്കോടതി നിര്‍ദേശം കാറ്റില്‍ പറത്തിയ മുന്‍ ആര്‍ഡിഒയുടെ ചെവിക്കുപിടിച്ച് കോടതി. കോടതി നിര്‍ദേശിച്ചിട്ടും സമാനമായ ഉത്തരവിലൂടെ വീണ്ടും അപേക്ഷ തള്ളിയ പാലക്കാട് മുന്‍ ആര്‍ഡിഒയ്ക്കു ഹൈക്കോടതി 10,000 രൂപ പിഴ ചുമത്തി.

 

നിലവില്‍ കോട്ടയം ഡപ്യൂട്ടി കലക്ടറായ (ജനറല്‍) എസ്.ശ്രീജിത്തിനോടാണ് സ്വന്തം പോക്കറ്റില്‍നിന്ന്, ഹര്‍ജിക്കാരനു കോടതിയില്‍ ചെലവായതിനു തുല്യമായ പിഴത്തുക നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാലക്കാട് കണ്ണാടി സ്വദേശി സി.വിനുമോന്റെ ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്.

 

കണ്ണാടിയില്‍ 5.01 സെന്റ് സ്ഥലമാണ് ഹര്‍ജിക്കാരനുള്ളത്. ഡേറ്റാ ബാങ്കില്‍ നിന്നൊഴിവാക്കാന്‍ അപേക്ഷ നല്‍കി. എന്നാല്‍ നിയമം നിലവില്‍ വന്ന 2008ല്‍ ഭൂമി പരിവര്‍ത്തനപ്പെടുത്തിയിട്ടില്ലെന്നും നിലവില്‍ തരിശാണെന്നുമുള്ള പേരില്‍ അപേക്ഷ തള്ളി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അപേക്ഷ വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശിച്ചു.

 

 

തുടര്‍ന്നാണ് ആദ്യം പുറപ്പെടുവിച്ചതിനു സമാനമായ ഉത്തരവിലൂടെ ആര്‍ഡിഒ അപേക്ഷ നിരസിച്ചത്. ഹര്‍ജിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചതോടെ ആര്‍ഡിഒയുടെ ഉത്തരവ് റദ്ദാക്കി. രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും തീരുമാനമെടുക്കാനും നിര്‍ദേശിച്ചു. ‘എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവില്ല’ എന്ന ഉദ്യോഗസ്ഥരുടെ സമീപനത്തെ അംഗീകരിക്കാനാവില്ലെന്നു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്‍ വ്യക്തമാക്കി. കോട്ടയത്ത് റവന്യു വകുപ്പിലും വില്ലേജ് ഓഫീസുകളിലും ഇടപാട് നടത്തുന്ന സാധാരണക്കാര്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നതായി പരാതി ഉയര്‍ന്നിരുന്നു.