Spread the love

പുണെ : പൂനെയിലെ പ്രശസ്തമായ ലോഹഗഡ് കോട്ടയിൽ വെച്ച് യുവാവ് താഴ്ചയിലേക്ക് വീണ് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി.

മഹാരാഷ്ട്രയിലെ വ്യവസായിയുടെ മകൻ കേതൻ വിശാൽ അഗർവാളിനെ പ്രതിശ്രുതവധു സിയ ഗോയലും കാമുകനും കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത് ഏറെ നാളത്തെ ആസൂത്രണത്തിന് ഒടുവിലാണെന്ന് പൊലീസ്. ആദ്യം അപകടമരണമെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്. ഫോൺ രേഖകളും സാഹചര്യത്തെളിവുകളും വിശകലനം ചെയ്താണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. സിയയുടെ കാമുകൻ ചേതൻ ബാബുലാൽ ചൗധരിയും അറസ്റ്റിലായി.

ജൂൺ 19-നായിരുന്നു സംഭവം. ഇത് കേതനെ കൊലപ്പെടുത്താൻ സിയയും ചേതനും ചേർന്ന് നടത്തുന്ന രണ്ടാമത്തെ കൊലപാതക ശ്രമമാണെന്നാണ് പോലീസ് കരുതുന്നത്. അഞ്ചു ദിവസം മുൻപ് ഇവർ നടത്തിയ സമാനമായ ഒരു കൊലപാതക പദ്ധതി പരാജയപ്പെട്ടിരുന്നു. രണ്ടു തവണയും ഇതൊരു അപകട മരണമായി ചിത്രീകരിക്കാനായിരുന്നു ഇവരുടെ ശ്രമം.

ലോഹഗഡ് കോട്ട സന്ദർശിക്കുന്നതിനിടെ കേതൻ കാൽതെറ്റി കൊക്കയിൽ വീണെന്നാണ് സിയ പൊലീസിനോടും വീട്ടുകാരോടും പറഞ്ഞത്. മൃതശരീരം കൊക്കയിൽനിന്ന് കണ്ടെത്തിയതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ വൈകാരികമായ ഒരു സ്റ്റോറിയും സിയ പങ്കുവച്ചിരുന്നു. ‘എന്റെ ജന്മദിനത്തിൽ നീ എന്നെ തനിച്ചാക്കി പോയി. ഞാൻ നിന്നെ ഇത്രയധികം സ്നേഹിച്ചിട്ടും നീ എന്തിനാണ് എന്നെ വിട്ടുപോയത്? ആത്മാവിന് നിത്യശാന്തി നേരുന്നു’–സ്റ്റോറിയിൽ പറഞ്ഞതിങ്ങനെ.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് കേതനും സിയ ഗോയലും തമ്മിലുള്ള വിവാഹം ഇരു കുടുംബങ്ങളും ചേര്‍ന്ന് ഉറപ്പിച്ചത്. രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ച് നവംബര്‍ മാസത്തില്‍ അതീവ ആഡംബരത്തോടെ നടത്താനിരുന്ന വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ഇരു വീട്ടുകാരും വലിയ രീതിയില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ജയ്പൂരിലുള്ള പ്രശസ്തമായ ഒരു കൊട്ടാരം 17 കോടി രൂപ ചെലവഴിച്ചാണ് വിവാഹത്തിനായിഇവർ ബുക്ക് ചെയ്തിരുന്നത്. കൂടാതെ അതിഥികളെ എത്തിക്കുന്നതിനായി രണ്ട് സ്വകാര്യ വിമാനങ്ങള്‍ വരെ കുടുംബം ഏര്‍പ്പാടാക്കിയിരുന്നു.

 

എന്നാല്‍ ഇതിലൊന്നുംസിയ ഗോയലിന് താല്പര്യമുള്ളതായിരുന്നില്ല. സിയയ്ക്ക് ചേതന്‍ ചൗധരി എന്ന മറ്റൊരു യുവാവുമായി തീവ്രമായ പ്രണയബന്ധം ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നവരുമാണ്. വിവാഹത്തില്‍ നിന്നും പിന്മാറാന്‍ സിയ പലവഴികളും നോക്കിയിരുന്നു. വിവാഹത്തിന് ശേഷമുള്ള യാത്രയ്ക്കായി ബാലിയിലേക്ക് വലിയ തുകയുടെ ടൂര്‍ പാക്കേജ് കേതന്‍ ബുക്ക് ചെയ്തിരുന്നെങ്കിലും, തന്റെ പാസ്പോര്‍ട്ട് കാണാനില്ലെന്ന് സിയാ കള്ളം പറഞ്ഞ് യാത്ര ക്യാന്‍സല്‍ ചെയ്യിപ്പിച്ചു. പിന്നീട് പോലീസിനോട് സിയ തന്നെ സമ്മതിച്ചത്, കേതനൊപ്പം പോകാന്‍ താല്പര്യമില്ലാത്തതിനാല്‍ പാസ്പോര്‍ട്ട് വാഷ്‌റൂമില്‍ വെച്ച് കീറിക്കളയുകയായിരുന്നു എന്ന്.

എന്നാൽ വിവാഹത്തില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് കേതനെ ഇല്ലാതാക്കാനുള്ള ആസൂത്രണം സിയയും കാമുകന്‍ ചേതനും ചേര്‍ന്ന് തുടങ്ങുന്നത്. കഴിഞ്ഞ മെയ് 31-ന് ഇരുവരും ലോഹഗഡ് കോട്ട സന്ദര്‍ശിച്ചപ്പോഴാണ് കേതനെ ഇവിടെയെത്തിച്ച് കൊലപ്പെടുത്താം എന്ന ആശയം സിയയ്ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് ജൂണ്‍ 14-ന് വീണ്ടും ഇതേ സ്ഥലത്ത് കേതനെയുമൂട്ടി സിയ എത്തിയെങ്കിലും അന്ന് കൊലപാതക ശ്രമം പരാജയപ്പെട്ടു. ഈ പരാജയത്തിന് ശേഷമാണ് ജൂണ്‍ 18-ന് സിയയുടെ ജന്മദിനാഘോഷവും പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടും എന്ന നാടകവുമായി സുഹൃത്തുക്കളെയും കൂട്ടി ഇവര്‍ വീണ്ടും ലോഹാഗഡ് കോട്ടയിലെത്തുന്നത്.

കോട്ടയുടെ മുകളില്‍ വെച്ച് സംസാരിക്കുന്നതിനിടയില്‍ സിയ തന്റെ പ്രണയത്തെക്കുറിച്ചും ഈ വിവാഹത്തിന് താല്പര്യമില്ലെന്ന കാര്യവും കേതനോട് തുറന്നുപറഞ്ഞു. എന്നാല്‍ രണ്ട് കുടുംബങ്ങളും ചേര്‍ന്ന് ഉറപ്പിച്ച ഈ വലിയ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ കേതന്‍ തയ്യാറായിരുന്നി ല്ല. വിവാഹവുമായി മുന്നോട്ട് പോകാന്‍ കേതന്‍ സിയയെ നിര്‍ബന്ധിച്ചതാണ് കൊലപാതകം വേഗത്തിലാക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയില്‍, അവിടെ ഒളിച്ചിരുന്ന കാമുകന്‍ ചേതന്‍ ചൗധരിയുടെ സഹായത്തോടെ സിയ കേതനെ 350 അടിയിലധികം താഴ്ചയുള്ള ആഴമേറിയ കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു.