**കോതമംഗലത്ത് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്; 65കാരൻ കസ്റ്റഡിയിൽ**
എറണാകുളം : കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. മാരമംഗലം ഹാപ്പി നഗറിൽ പി.വി. കുര്യാക്കോസ് (65) ആണ് ഭാര്യ കുഞ്ഞമ്മ (61)യെ വീട്ടിനുള്ളിൽ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ കുര്യാക്കോസിനെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം. വീട്ടിനുള്ളിൽ കുഞ്ഞമ്മയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവവിവരം വിദേശത്തുള്ള മകനെ അറിയിച്ചതും കുര്യാക്കോസ് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്.
ശസ്ത്രക്രിയ കഴിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുര്യാക്കോസ് വീട്ടിൽ വിശ്രമത്തിലായിരുന്നു. ദമ്പതികൾ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ കോതമംഗലം പൊലീസ് അന്വേഷണം ആരംഭിച്ച് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

