Spread the love

 

അമ്മയിലെ തര്‍ക്കം തീര്‍ക്കാന്‍ പ്രത്യേക കോടതി വേണ്ടിവരുമോ എന്ന് ഹൈക്കോടതി

താരസംഘടനയായ അമ്മയിലെ(AMMA) അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളെത്തുടര്‍ന്നുണ്ടാകുന്ന പരാതികളുടെയും ഹര്‍ജികളുടെയും എണ്ണം വര്‍ധിക്കുന്നതില്‍ കേരള ഹൈക്കോടതിയുടെ വിമര്‍ശനം. അന്‍സിബ ഹസ്സന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടി ലക്ഷ്മിപ്രിയയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍.റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.

നടി ലക്ഷ്മിപ്രിയ, ഭര്‍ത്താവ് പി. ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെല്‍ സബ് ഇന്‍സ്പെക്ടര്‍ രേഷ്മ എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ തേടി്. ”അമ്മ’യ്ക്കുള്ളിലെ തര്‍ക്കങ്ങളില്‍ നിന്നുണ്ടാകുന്ന കേസുകള്‍ കേള്‍ക്കാന്‍ നമുക്ക് പ്രത്യേക കോടതികള്‍ ആവശ്യമായി വരുമോ? ഇത്തരം വിഷയങ്ങള്‍ തീര്‍പ്പാക്കുന്നതിനിടയില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുകയാണ്,’ കോടതി ആരാഞ്ഞു.

വാട്സ്ആപ്പ് സന്ദേശത്തിലൂടെ താനും ഭര്‍ത്താവ് ജയേഷും തമ്മില്‍ കുടുംബപ്രശ്‌നങ്ങളുണ്ടാക്കാന്‍ അന്‍സിബ ഹസ്സന്‍ കാരണമായി എന്ന് ആരോപിച്ച് ലക്ഷ്മിപ്രിയ ആദ്യം പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, ലക്ഷ്മിപ്രിയയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് അറിയിക്കാനായി എസ്.ഐ. രേഷ്മ അന്‍സിബ ഹസ്സനെ വിളിപ്പിച്ചു.

തന്നെ ഭീഷണിപ്പെടുത്തി മൊഴിയില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയും, തനിക്ക് ദോഷകരമായ രേഖകള്‍ തയ്യാറാക്കി ഉപയോഗിക്കുകയും, തന്റെ സല്‍പ്പേരിന് കളങ്കം വരുത്തുകയും ചെയ്തു’ എന്ന് ആരോപിച്ച് അന്‍സിബ ഹസ്സന്‍ പരാതി നല്‍കി.