Spread the love

എടപ്പാള്‍: സംശയത്തിന്റെ പേരില്‍ ഭാര്യയെ അതിക്രൂരമായി കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്. മലപ്പുറം ഏലംകുളത്തെ ഫാത്തിമ ഫഹ്മയെ കൊലപ്പെടുത്തിയ ഏലംകുളം സ്വദേശി റഫീഖിനെയാണ് മഞ്ചേരി കോടതി ശിക്ഷിച്ചത്. മഞ്ചേരി പ്രിൻസിപ്പൾ സ്പെഷ്യൽ കോടതിയാണ് പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ചത്.

2023 ഏപ്രിൽ എട്ടിനാണു ഏലംകുളത്തെ സ്വന്തം വീട്ടിൽ ഫാത്തിമ കൊല്ലപ്പെടുന്നത്. കൈകാലുകൾ ജനലിൽ ചേർത്ത് ബന്ധിച്ച നിലയിലായിരുന്നുഇവരുടെ മൃതദേഹം. അന്ന് നാലര വയസ് പ്രായമുണ്ടായിരുന്ന അംഗൻവാടി വിദ്യാർഥിയായ കുട്ടിയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. അമ്മയെ കൊലപ്പെടുത്തുന്നത് താൻ നേരിൽ കണ്ടെന്ന് കുട്ടിയാണ് വിചാരണക്കിടെ പ്രധാന മൊഴികൾ നൽകിയത്. കൊലപാതകക്കുറ്റം തെളിഞ്ഞതോടെ 302-ാം വകുപ്പ് പ്രകാരം പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൂടാതെ കൊല്ലപ്പെട്ട സ്ത്രീയുടെ സ്വർണാഭരണങ്ങൾ മരണശേഷം കൈവശപ്പെടുത്തിയതിന് മൂന്നു വർഷം തടവും 10,000 രൂപ പിഴയുമുണ്ട്.