തൃശ്ശൂർ: എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലംപടിയിൽ വയോധികയെ തെരുവുനായ വീട്ടിൽ കയറി കടിച്ചുകൊന്നു. കിടപ്പുരോഗിയായ കീഴക്കേപ്പുരക്കൽ കാർത്യായനി( 84 )യാണ് കൊല്ലപ്പെട്ടത്. ഇവരോടൊപ്പമുണ്ടായിരുന്ന മാനസികാസ്വാസ്ഥ്യമുള്ള 60 വയസ്സുകാരനായ മകൻ ദേവദാസിനും നായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി. കടങ്ങോട് പഞ്ചായത്ത് അധികൃതർ നിയോഗിച്ച വന്യജീവി സംരക്ഷകനാണ് നായയെ പിടികൂടിയത്. പിടികൂടിയ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. നായക്ക് പേ വിഷബാധയുണ്ടോയെന്ന് അറിയാൻ പരിശോധന നടത്തും. നായയുടെ കടിയേറ്റ മൂന്ന് നാട്ടുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുത്തിവെയ്പ് നടത്തി. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് തൃശ്ശൂർ എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകീറി കൊന്നത്.
ഇന്നലെ വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. ഏതാനും നാളുകൾക്ക് മുൻപ് വീണ് എല്ലുപൊട്ടിയതിനെ തുടർന്ന് കാർത്യായനി വീടിനുള്ളിൽ കിടപ്പിലായിരുന്നു. ഈ സമയത്താണ് തെരുവുനായ വീടിനകത്തേക്ക് കടന്നുവരികയും കട്ടിലിൽ കിടക്കുകയായിരുന്ന വയോധികയെ ക്രൂരമായി ആക്രമിക്കുകയും ചെയ്തു . മാത്രമാണ് ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത് കാർത്യായനിയും മകൻ ദേവദാസും മാത്രമാണ്. നായയുടെ കടിയേറ്റ് കാർത്യായനിക്ക് ശരീരമാസകലം അതീവ ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നു.
വൈകുന്നേരം ആറരയോടെ കാർത്യായനിയുടെ മറ്റൊരു മകനായ മണി ഇവർക്ക് ഭക്ഷണം നൽകാനായി എത്തിയപ്പോഴാണ് ഈ ദാരുണ സംഭവം അറിഞ്ഞത്. രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മയെയും പരിക്കേറ്റ സഹോദരനെയും കണ്ട മണി ഉടൻതന്നെ വിവരം മറ്റുള്ളവരെ അറിയിക്കുകയായിരുന്നു.

