Spread the love

കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ മരണത്തില്‍ നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്ന് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് എം.ഡി ടി.എ.ജോസഫ്. റോയി മരിച്ചത് തുടര്‍പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും. തങ്ങളുടെ പക്കല്‍ ആരുടേയും കള്ളപ്പണമില്ലെന്നും കോണ്‍ഫിഡന്‍റിനു പിന്നാലെ ഇഡിയോ സിബിഐയോ ഇല്ലെന്നും ടി.എ.ജോസഫ് പറഞ്ഞു.

അതേസമയം റോയി ജീവനൊടുക്കിയതിനെക്കുറിച്ച് അന്വേഷിക്കുന്ന കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേരളത്തിലേക്ക്. കൊച്ചിയിലെത്തി തെളിവെടുപ്പ് നടത്തുന്ന സംഘം കേരളത്തിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകളടക്കം പരിശോധിക്കും. ആദായ നികുതി വകുപ്പിന്റെ റെയ്ഡിനുപിന്നാലെ ബംഗളൂരുവിലെ ജയനഗര്‍ എയിറ്റ് ബ്ലോക്കിലെ പ്രമുഖ ആശുപത്രിയിൽ റോയി വിഷാദത്തിന് ചികിത്സ തേടിയതിന്റെ വിവരങ്ങളും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

 

സാമ്പത്തിക ഇടപാടുകള്‍, ആദായ നികുതി വകുപ്പിന്റെ പരിശോധനയിലേക്ക് നയിച്ച കാരണങ്ങള്‍ എന്നിവയ്ക്കു പുറമേ വിഷാദ രോഗത്തിന് ചികിത്സ തേടാനുള്ള കാരണങ്ങളും അന്വേഷിക്കുന്നുണ്ട്. റോയ് നാലുമാസത്തിലേറെയായി റോയി വിഷാദത്തിന് ചികിത്സ തേടിയിരുന്നുവെന്ന വിവരം കുടുംബാംഗങ്ങളാണ് അന്വേഷണ സംഘത്തെ അറിയിച്ചത്.