Spread the love

കോട്ടയം : ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം മന്ത്രിയുടെ ഏറ്റുമാനൂർ ഓഫീസിലേക്കുള്ള പ്രതിഷേധം നീണ്ടുപോകുന്നതിൽ കോൺഗ്രസിൽ വിവാദം പുകയുന്നു.

 

ബിജെപി പ്രതിഷേധ സമരം നടത്തി രണ്ടാഴ്ച പിന്നിടുമ്പോഴും ഇത്തരത്തിൽ ഒരു മാർച്ച് കോട്ടയത്തെ കോൺഗ്രസ് നേതൃത്വത്തിന് നടത്താനായില്ല എന്ന വിമർശനമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ഡിസിസി ഭാരവാഹികളുടെ യോഗമാണ് പ്രതിഷേധ മാർച്ച് നടത്തണമെന്ന തീരുമാനത്തിലെത്തിയത്. എന്നാൽ മാർച്ച് നീളുന്നതിന് പിന്നിൽ ചില സാമുദായിക സമവാക്യങ്ങളുടെ ഭീഷണി ഉണ്ടെന്നും ഒരു വിഭാഗം ആരോപിക്കുന്നു.

 

പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഹൈന്ദവ ജനവിഭാഗത്തെ മാനസികമായി വളരെ സ്വാധീനിക്കുന്ന ഘടകമാണ് ശബരിമല സ്വർണ്ണക്കൊള്ള. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് സമാഗതമായിരിക്കെ വിഷയം മുൻനിർത്തിയുള്ള സമരങ്ങൾ ചൂടുപിടിപ്പിക്കണമെന്നാണ് പാർട്ടിയുടെ പൊതു തീരുമാനം.

 

കോട്ടയത്തും ഇതിൻറെ ഭാഗമായി ഡിസിസി തലത്തിൽ തീരുമാനമെടുത്തിരുന്നു. പക്ഷേ മാർച്ചിന്റെ തീയതി നീണ്ടു പോവുകയാണ്. ഇത് ബോധപൂർവ്വം വൈകിപ്പിക്കാനുള്ള നീക്കമാണെന്നുള്ള പരാതിയാണ് ഉയർന്നിരിക്കുന്നത്.

 

ശബരിമല വിഷയത്തിൽ കേരളം ആകെ പ്രതിഷേധം ആളുമ്പോഴും കോട്ടയത്ത് അത് പടരുന്നില്ലെന്നുള്ള വിമർശനം കോൺഗ്രസിൻ്റെ സാധ്യതകളെ ഇല്ലാതാക്കും എന്നും നേതാക്കൾ പറയുന്നു.

ദേവസ്വം മന്ത്രി വീണ്ടും ഏറ്റുമാനൂരിൽ മത്സരിക്കുമെന്ന് ഉറപ്പായ സാഹചരൃത്തിലും കോൺഗ്രസ് പ്രതിഷേധം നനഞ്ഞ പടക്കമായി മാറിയതിൽ ഡിസിസി ഭാരവാഹികളിൽ പ്രതിഷേധം കനക്കുകയാണ്.ഡിസിസി പ്രസിഡണ്ട് ഏറ്റുമാനൂർ സീറ്റ് ലക്ഷൃമിടുന്നുണ്ടങ്കിലും സമരമുഖങ്ങളിൽ അറച്ച് നില്ക്കുന്നതാണ് ചർച്ചയായിരിക്കുന്നത്.

 

ശബരിമല വിഷയത്തിൽ സർക്കാരിനും മന്ത്രിക്കും എതിരെ പ്രതിപക്ഷ നേതാവ് നിയമസഭയിലും പുറത്തും കടുത്ത വിമർശനമാണ് അഴിച്ചുവിടുന്നത്. പക്ഷേ അതിൻറെ തുടർച്ചയായി ഇതര ജില്ലകളെപ്പോലെ കോട്ടയം ഐക്യദാർഢ്യപ്പെടുന്നില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

 

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ചില സാമുദായ ശക്തികളുടെ കരുനീക്കങ്ങളാണ് കോൺഗ്രസ് മാർച്ചിനെ തടസ്സപ്പെടുത്തുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം.