Spread the love

ന്യൂഡല്‍ഹി രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന്‍ വിജയിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രാധാകൃഷ്ണന്‍ 452 വോട്ടുകളാണ് നേടിയത്. ആകെ 767 വോട്ടുകളാണ് പോള്‍ ചെയ്തത്. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടുകളാണ് ലഭിച്ചത്. ഫലം പുറത്തുവരുമ്പോള്‍ സി പി രാധാകൃഷ്ണന് പ്രതിപക്ഷ നിരയില്‍ നിന്നടക്കം വോട്ട് ലഭിച്ചതായാണ് മനസിലാകുന്നത്.

രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ പാര്‍ലമെന്റ് മന്ദിരത്തിലെ എഫ് 101 (വസുധ) മുറിയിലാണ് വോട്ടെടുപ്പ് നടന്നത്. വൈകിട്ട് ആറ് മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ഉപരാഷ്ട്രപതി പദവിയില്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെ ജഗദീപ് ധര്‍കര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. 2022ല്‍ 528 വോട്ടു നേടിയാണ് ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായത്. പാര്‍ലമെന്റിലെ ഇരുസഭകളിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഇലക്ടറല്‍ കോളേജാണ് രഹസ്യബാലറ്റിലൂടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഇലക്ടറല്‍ കോളേജില്‍ നിലവില്‍ 781 എംപിമാര്‍ ( ലോക്‌സഭ 542, രാജ്യസഭ 239). 391 വോട്ടുകളാണ് ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് .