ആലപ്പുഴ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മുന്‍ ഡിജിപിയും ബിജെപി തിരുവനന്തപുരം കോര്പറേഷന് കൗണ്‍സിലറുമായ ആര്. ശ്രീലേഖ് മാവേലിക്കര കോടതി നേരിട്ട് ഹാജരാകാന്‍ നോട്ടീസ് അയച്ചു. ഡിസംബര്‍ രണ്ടിന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം.
കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. ശ്രീകുമാറാണ് ശ്രീലേഖയ്ക്കെതിരെ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തത്.
ഒക്ടോബര്‍ 14ന് പുനലൂരില്‍ ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ശ്രീലേഖ രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തെയും (എസ്ഐആര്‍) മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെയും പിന്തുണച്ച് സംഘടിപ്പിച്ച യോഗത്തിലായിരുന്നു പ്രസംഗം.
ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രതിഷേധം ലഹരിവസ്തുക്കളുടെ ഉപയോഗത്തെ തുടര്‍ന്നുണ്ടായ ഉന്മാദാവസ്ഥയിലായിരുന്നുവെന്ന തരത്തിലായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം.
ഇതെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കലാപത്തിന് കാരണമായേക്കാമെന്ന് അറിഞ്ഞുകൊണ്ടോ കരുതിക്കൂട്ടിയോ പ്രകോപനം സൃഷ്ടിച്ചെന്നാരോപിച്ച് പുനലൂര്‍ പൊലീസും കേസെടുത്തിരുന്നു.

