Spread the love

ഭരണത്തിന്റെ കടിഞ്ഞാണേന്തി നമ്പര്‍ വണ്ണായി മുഖ്യമന്ത്രി വി.ഡി സതീശന്‍, നിയമം ധനകാര്യം ഉള്‍പ്പടെ 35 സുപ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി കൈളില്‍

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി സതീശന്റെ അധികാരപരിധിയില്‍ വരുന്നത് ധനകാര്യം നിയമം തുറമുഖം പിആര്‍ഡി ഉള്‍പ്പടെ പ്രധാന 35 വകുപ്പുകള്‍. സാധാരണ കൈവശം വയ്ക്കുന്ന ആഭ്യന്തരവകുപ്പ് കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കത്തെ തുടര്‍ന്ന് രമേശ് ചെന്നിത്തലയ്ക്ക് കൈമാറിയെങ്കിലും ഭരണയന്ത്രത്തിന്റെ കടിഞ്ഞാണ്‍ വി.ഡി സതീശന്റെ കൈകളിലാണ്. ബുധന്‍ വൈകുന്നേരം മന്ത്രിസഭാ വകുപ്പുകള്‍ വിജ്ഞാപനം ചെയ്തതോടെയാണ് ഇക്കാര്യത്തില്‍ വ്യ്ക്തതയായത്. പോലീസും വിജിലന്‍സും കൈമാറിയെങ്കിലും നിയമ വകുപ്പ് മുഖ്യമന്ത്രിയുടെ കയ്യിലാണ്. കോടതികളിലെ പ്രോസിക്യൂഷന്‍ ഉള്‍പ്പടെയുളള നിയമനങ്ങളിലും നിയമപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതും മുഖ്യമന്ത്രിയായിരിക്കും. മുഖ്യമന്ത്രി കഴിഞ്ഞാല്‍ മന്ത്രിസഭയില്‍ കരുത്തന്‍ കെ. മുരളീധരനാണ്. ആരോഗ്യം ദേവസ്വം തുടങ്ങി കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ പ്രതിച്ഛായ കളഞ്ഞ വകുപ്പുകളാണ് മുരളിയെ ഏല്‍പ്പിച്ചിരിക്കുന്നത്.

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് രണ്ട് ദിവസത്തിന് ശേഷമാണ് വകുപ്പുകള്‍ പ്രഖ്യാപിക്കുന്നത്, യു.ഡി.എഫിനുള്ളിലെ പാര്‍ട്ടി-പാര്‍ട്ടി വ്യത്യാസങ്ങളും കാലതാമസവും കാരണമാണ് വകുപ്പുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വൈകിയത്. പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിലെ (ഐ.യു.എം.എല്‍) വി.ഇ. അബ്ദുള്‍ ഗഫൂര്‍ വഹിക്കും. ഇടഞ്ഞ ലത്തീന്‍ സഭയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വകുപ്പ് വിഭജനം പൂര്‍ത്തിയാക്കിയത്.

ധനം, നിയമം, പൊതുഭരണം, തുറമുഖം, റെയില്‍വേ, പിആര്‍ഡി, നാഷനല്‍ സേവിങ്‌സ്, സ്റ്റോര്‍ പര്‍ച്ചേസ്, നികുതി, ട്രഷറി, ലോട്ടറി, ഓഡിറ്റ്, കെഎസ്എഫ്ഇ, തീരദേശ ഷിപ്പിങ് ഉള്‍നാടന്‍ ജലഗതാഗതം, ഇന്‍ഷുറന്‍സ്, സ്റ്റാംപ് ഡ്യൂട്ടി, ആസൂത്രണം സാമ്പത്തിക കാര്യം, ഓള്‍ ഇന്ത്യ സര്‍വീസസ്, ശാസ്ത്രം സാങ്കേതികവിദ്യ, ദുരന്തനിവാരണം, പ്രവാസികാര്യം, മലിനീകരണ നിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങള്‍, ഭരണപരിഷ്‌കരണം, തിരഞ്ഞെടുപ്പ്, ഇന്റഗ്രേഷന്‍, സൈനികക്ഷേമം, ഡിസ്ട്രസ് റിലീഫ്, സ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി, സിവില്‍ ക്രിമിനല്‍ നീതി, വിമാനത്താവളം, മെട്രോ റെയില്‍, അന്തര്‍ സംസ്ഥാന നദികള്‍, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍, പ്രിന്റിങ് സ്റ്റേഷനറി, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (നുവാല്‍സ്), തപാല്‍ ടെലഗ്രാഫ്, നയപരമായ കാര്യങ്ങള്‍. മറ്റു മന്ത്രിമാര്‍ക്കു നല്‍കാതെ ബാക്കിയായ വകുപ്പുകളുടെ ചുമതലയാണ് വിഡി സതീശന്‍ നിര്‍വഹിക്കുക.